തൃശൂർ ചാലക്കുടി ട്രഷറിക്ക് സമീപം പ്രവർത്തിക്കുന്ന ആശ കിരൺ ഇമിഗ്രേഷൻ സർവീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ വ്യാപക തട്ടിപ്പ് ആരോപണം. വിദേശരാജ്യങ്ങളിൽ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയതായി പരാതി. ലക്ഷങ്ങൾ നൽകി വിദേശത്ത് പോയി വഞ്ചിതനായ യുവാവ് ചാലക്കുടിയിലെ ഏജൻസി ഓഫീസിന് മുന്നിൽ ഭാര്യക്കും കുട്ടിക്കുമൊപ്പം എത്തി ആത്മഹത്യാ ഭീഷണി മുഴക്കി.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി വി ആർ രജീഷാണ് തനിക്കുണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്ലൊവേനിയയിൽ നഴ്‌സിങ് ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് 2023, 2024 വർഷങ്ങളിലായി ആറ് ലക്ഷത്തോളം രൂപ ബാങ്ക് വഴി ഏജൻസി അധികൃതർ കൈപ്പറ്റിയെന്നാണ് രജീഷ് പറയുന്നത്. എന്നാൽ വീസ ലഭിച്ച് അവിടെയെത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഏജൻസി വാഗ്ദാനം ചെയ്ത ജോലിയോ, പഠനത്തിനായി പറഞ്ഞിരുന്ന കോളജോ യൂണിവേഴ്സിറ്റിയോ അവിടെ ഉണ്ടായിരുന്നില്ല. ഒടുവിൽ അവിടെയുള്ള മലയാളികളുടെ സഹായത്തോടെ ക്ലീനിങ് ജോലികൾ ചെയ്താണ് രജീഷ് ജീവിച്ചുപോന്നത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ രജീഷ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇടപെട്ട് സംസാരിച്ചപ്പോൾ പണം നൽകാമെന്ന് ഏജൻസി സമ്മതിച്ചെങ്കിലും പിന്നീട് പണം നൽകാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് രജീഷും ഭാര്യ ശ്രീജയും കുട്ടിയും ചാലക്കുടിയിലെ ഓഫീസിന് മുന്നിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയത്.
മേലൂർകുന്ന് സ്വദേശി മേച്ചേരി ടിനി ജോർജ് അടക്കം 32 പേരാണ് ഈ ഏജൻസി വഴി ഒരേസമയം സ്ലൊവേനിയയിലേക്ക് പോയത്. എന്നാൽ ആർക്കും നഴ്‌സിങ് ജോലി ലഭിച്ചിട്ടില്ല. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്ത ശേഷം നഴ്‌സിങ് ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഇവരിൽ നിന്നെല്ലാം ഏജൻസി ലക്ഷങ്ങൾ എണ്ണിവാങ്ങിയത്. നിലവിൽ മുപ്പതോളം പേരിൽ നിന്ന് പുതിയതായി പണം വാങ്ങി സമാനമായ രീതിയിൽ തട്ടിപ്പ് നടത്താൻ ഏജൻസി ശ്രമിക്കുന്നുണ്ടെന്നും രജീഷ് ആരോപിച്ചു.
