വന്‍കുടലിലെ കാന്‍സര്‍ ശസ്ത്രക്രിയക്ക് വിധേയയായി ദുരിതമനുഭവിച്ച രേഷ്മക്ക് തുടര്‍ ചികിത്സ ഉറപ്പാക്കി ബിഗ് ടിവി ഇടപെടല്‍. ഒമ്പത് മാസത്തിലേറെയായി മുടങ്ങിയ ചികിത്സയും തുടര്‍ ശസ്ത്രക്രിയയും അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. വന്‍കുടലില്‍ കൂടുതല്‍ ഭാഗത്ത് കാന്‍സര്‍ ബാധ സ്ഥിരീകരിച്ച രേഷ്മയുടെ ആദ്യ ശസ്ത്രക്രിയ ചൊവ്വാഴ്ച നടക്കും. തുടര്‍ ചികിത്സ നിഷേധിച്ചുവെന്ന ബിഗ് ടിവി വാര്‍ത്ത ശരിവെച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഒ ആരോഗ്യമന്ത്രി കെ മുരളീധരന് കൈമാറി.
ഒമ്പത് മാസത്തിലേറെയാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടര്‍ചികിത്സയ്ക്കായി രേഷ്മയും കുടുംബവും കയറിയിറങ്ങിയത്. വന്‍കുടലിലെ കാന്‍സര്‍ നീക്കം ചെയ്തതിന്റെ ആശ്വാസത്തിലായിരുന്നു രേഷ്മ. മൂന്ന് മാസങ്ങള്‍ക്ക് ശേഷം പുറത്തെടുത്ത കുടല്‍ ഉള്ളിലേക്ക് തിരികെവെച്ച് സാധാരണ ജീവിതം നയിക്കാമെന്നായിരുന്നു പ്രതീക്ഷ. ഈ പ്രതീക്ഷയും പേറിയാണ് കഴിഞ്ഞ ഒമ്പത് മാസവും കുടുംബം ഡോ.സജി മാത്യുവിനെ കണ്ടത്. കൃത്യമായ മറുപടി നല്‍കാതെ മുഖംതിരിച്ച് നിന്ന ഡോക്ടറുടെ മനുഷ്യപ്പറ്റില്ലാത്ത പെരുമാറ്റം രോഗത്തേക്കാള്‍ വേദനയായി. ഒടുവില്‍ ബിഗ് ടിവിയുടെ ഇടപെടലില്‍ തുടര്‍ചികിത്സയിലെ അനിശ്ചിതത്വം അവസാനിച്ചു. രേഷ്മയുടെ ഗുരുതരമായ രോഗാവസ്ഥ മനസിലാക്കിയാണ് അടിയന്തര ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രേഷ്മയുടെ കുടലില്‍ കാന്‍സര്‍ വ്യാപിച്ചുവെന്ന വിവരം കുടുംബത്തിന് ബോധ്യപ്പെടുന്നതും ഡിഎംഒ വിശദീകരിച്ചപ്പോഴാണ്.
ആരോപണവിധേയനായ സജി മാത്യു തന്നെയായിരിക്കും ആദ്യ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുക. ശസ്ത്രക്രിയ ചെയ്ത് നല്‍കാമെന്ന് ഡോക്ടര്‍ തന്നെ ഡിഎംഒയ്ക്ക് ഉറപ്പ് നല്‍കി. രേഷ്മയ്ക്ക് ചികിത്സ വൈകിയെന്ന് ഡിഎംഒയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഡോ.സജി മാത്യുവിനെതിരെ വിശദമായ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിഎംഒ വ്യക്തമാക്കി. ഫോണിലൂടെയാണ് ഡോക്ടറില്‍ നിന്ന് ഡിഎംഒ വിശദീകരണം തേടിയത്. ഡോക്ടറെ നോട്ടീസ് നല്‍കി വിളിപ്പിച്ചും സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയും വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. പതിനഞ്ച് ദിവസത്തിനുള്ളില്‍ വീഴ്ചകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്ന് ഡിഎംഒ ബിഗ് ടിവിയോട് വ്യക്തമാക്കി. അടുത്ത ആഴ്ച കുടലിലെ കാന്‍സര്‍ നീക്കം ചെയ്ത ശേഷം പിന്നീട് കുടല്‍ തിരികെ വെയ്ക്കാമെന്ന് ഡിഎംഒ ഉറപ്പ് നല്‍കി.
