സ്ത്രീകളുടെ സൗജന്യ യാത്രയിൽ നഷ്ടം കണക്കാക്കി കെഎസ്ആർടിസി റിപ്പോർട്ട് നൽകി. ഗതാഗത സെക്രട്ടറിക്കാണ് കെഎസ്ആർടിസി റിപ്പോർട്ട് നൽകിയത്. മുഴുവൻ ബസുകളിലും സൗജന്യ യാത്ര നടപ്പിലാക്കിയാൽ പ്രതിമാസം 112 കോടി രൂപ നഷ്ടം വരുമെന്നാണ് കണക്ക്.
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഓർഡിനറി ബസിൽ മാത്രം നടപ്പിലാക്കിയാല്‍ നഷ്ടം 57 കോടി രൂപയാകും. സിറ്റി ഫാസ്റ്റ്, ഓർഡിനറി എന്നിവയിൽ മാത്രമാക്കിയാൽ 65 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. മുഴുവൻ ബസുകളിലാക്കിയാൽ 112 കോടി രൂപ അധിക ബാധ്യത വരും. ഇതിൻ്റെ പൂർണ കണക്കുകൾ ഉൾക്കൊള്ളിച്ചുള്ള റിപ്പോർട്ട് കെഎസ്ആർടിസി ഗതാഗത സെക്രട്ടറിക്ക് കൈമാറി. ഈ റിപ്പോർട്ടിന്റെ കൂടി പശ്ചാത്തലത്തിലായിരിക്കും ഏതൊക്കെ ബസിലാകും സൗജന്യ യാത്ര എന്ന് തീരുമാനിക്കുക. നിലവിൽ എല്ലാ മാസവും 125 കോടി രൂപയാണ് സർക്കാർ കെഎസ്ആർടിസിക്ക് അധിക സഹായമായി നൽകുന്നത്. 50 കോടി രൂപ ശമ്പള വിതരണത്തിനും 75 കോടി രൂപ പെൻഷൻ വിതരണത്തിനുമാണ് നൽകുന്നത്. മുഴുവൻ ബസിലും സൗജന്യ യാത്ര നടപ്പിലാക്കിയാൽ ഇതിനൊപ്പം 150 കോടി രൂപ കൂടി അധികമായി നൽകേണ്ടിവരും. ഇത്രയും വലിയ തുക എല്ലാ മാസവും കെഎസ്ആർടിസിക്ക് സഹായമായി നൽകാൻ കഴിയുമോ എന്നാണ് സംശയം. എന്നാൽ ജൂൺ 15 മുതൽ തന്നെ സൗജന്യ യാത്ര ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ വകുപ്പിൽ തകൃതിയായി പുരോഗമിക്കുകയാണ്.
