കൊച്ചിയിൽ മോഡലിംഗിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ പിടിയിലായ ബിലാൽ മുഖ്യ ഇടനിലക്കാരനെന്ന് പൊലീസ്. പരാതിക്കാരിയെ സിന്ധുവിനെ പരിചയപ്പെടുത്തി നൽകിയത് ബിലാൽ ആണെന്നും കൂടുതൽ ഇരകൾ സിന്ധുവിന്റെ കെണിയിൽ പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇവൻ്റ് മാനേജ്മെൻറ് മറയാക്കി ദുബായ്യിൽ സംഘടിപ്പിച്ച ഷോയിൽ പങ്കെടുത്ത സെലിബ്രിറ്റികളെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
ആലപ്പുഴ സ്വദേശിയായ ബിലാലിന്റെ അറസ്റ്റോടെ സെക്സ് റാക്കറ്റ് കേസിലെ നിർണായകമായ വിവരങ്ങളാണ് പുറത്തുവരുന്നത്. പെൺകുട്ടികളുടെ വിദേശത്തെ മോഡലിംഗ് സ്വപ്നം മുതലെടുത്ത് സിന്ധു വഴിയാണ് ബിലാൽ യുവതികളെ വിദേശത്ത് എത്തിച്ചത്. പരാതിക്കാരിയും ഈ നിലയിലാണ് സംഘത്തിന്റെ കെണിയിൽപ്പെട്ടത്. ഒരു ഡീലിൽ 50,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ബിലാലിന് ലഭിച്ചിരുന്നത്. രണ്ട് പരാതികൾ കൂടി കിട്ടിയെന്നും കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും കൊച്ചി കമ്മീഷണർ വ്യക്തമാക്കി.
ദുബായ്യിൽ ജോലി ചെയ്യവെയാണ് സിന്ധുവിനെ പരിചയപ്പെടുന്നത്. സെക്സ് റാക്കറ്റിന്റെ പ്രവര്‍ത്തനം സജീവമായതോടെ ജോലി ഉപേക്ഷിച്ച് ബിലാല്‍ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. ദുബായ്യിൽ 14 വർഷമായി നടത്തുന്ന ഇവന്റ് മാനേജ്മെൻറ് കമ്പനി മറയാക്കിയാണ് സിന്ധു സെക്സ് റാക്കറ്റ് സജീവമാക്കിയത്. ഇവൻറ് മാനേജ്മെൻറ് വഴി
വര്‍ഷത്തില്‍ മൂന്ന് പരിപാടി വരെ സംഘടിപ്പിക്കുമെന്നും സെലിബ്രിറ്റികളെ പങ്കെടുപ്പിച്ചാണ് ഷോകള്‍ നടത്തിയതെന്നും സിന്ധു പൊലീസിൽ മൊഴി നൽകി . ഷോയില്‍ പങ്കെടുത്ത താരങ്ങളുടെ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം. കൂടാതെ, കേസിൽ കൊച്ചിയിലെ ഗുണ്ടാ നേതാവ് ഔറംഗസേബിലേക്കും അന്വേഷണം ആരംഭിച്ചു. ഔറംഗസേബിന് സിന്ധുവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
