കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കാർ കത്താൻ കാരണമായ പെട്രോൾ വാങ്ങിയത് മരിച്ച സോനയെന്ന് കണ്ടെത്തൽ. സോന പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ ബിഗ് ടിവിക്ക് ലഭിച്ചു. കാറിനകത്ത് പെട്രോളിന്റെ ഗന്ധം ഉണ്ട് എന്ന് പറഞ്ഞ ഭർത്താവ് രജിൻ ലാലിനോട് സോന വഴക്കിട്ടെന്നും ഭർത്താവ് മൊഴി നൽകി.
55 ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലുള്ള ഭർത്താവ് രജിൻ ലാൽ അപായപ്പെടുത്തിയതാകാനാണ് സാധ്യത എന്ന് സോനയുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. കാർ കത്താൻ ഉണ്ടായ സംഭവം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയതാണ് ദുരൂഹതയുടെ തുടക്കം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർണായക കണ്ടെത്തൽ. പേരാമ്പ്രയിലെ പെട്രോൾ പമ്പിൽ നിന്ന് പെട്രോളുമായി സോന വരുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
വഴക്കിട്ടാണ് സോന കാറിന് പിന്നിൽ ഇരുന്നതെന്നും പെട്രോളിന്റെ ഗന്ധത്തെക്കുറിച്ച് പറഞ്ഞപ്പോൾ തന്നോട് ദേഷ്യപ്പെട്ടെന്നും രജിൻലാൽ പൊലീസിനോട് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ചെറുവണ്ണൂരിൽ കാറിന് തീപിടിച്ചത്. രജിൻ ലാൽ കാറിൽ നിന്ന് ചാടി രക്ഷപ്പെട്ടെങ്കിലും പിൻസീറ്റിലുണ്ടായിരുന്ന സോനയെ നാട്ടുകാർ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ചില്ല് പൊട്ടിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും സോന മരിച്ചിരുന്നു. സംഭവം ആത്മഹത്യയാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി സോനയുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും. കൂടാതെ രിജിന് ലാലിൽ നിന്നും വീണ്ടും വിശദമായ മൊഴി രേഖപ്പെടുത്തും.
