പാലക്കാട് പൊലീസുകാർക്കെതിരെ SFI പ്രവർത്തകർ നടത്തിയ കൊലവിളി മുദ്രാവാക്യത്തിൽ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം പാലക്കാട് നോർത്ത് പൊലീസാണ് കേസെടുത്തത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ് വിപിൻ ഉൾപ്പടെ 50 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സിപിഐഎം പാർട്ടി ഓഫീസിൽ കയറി പൊലീസ് ലാത്തി വീശിയതിനെതിരെയായിരുന്നു പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം.
നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെ എസ്ഐ ഉൾപ്പടെയുള്ള പൊലീസുകാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിപിന്റെ കൊലവിളി മുദ്രാവാക്യം. പാലക്കാട്ടെ നിയുക്ത എംഎൽഎ രമേഷ് പിഷാരടിയുടെ വിജയാഹ്ലാദ പരിപാടിക്കിടെയുണ്ടായ എൽഡിഎഫ്-യുഡിഎഫ് സംഘർഷത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി പൊലീസ് ലാത്തി വീശിയ നടപടിക്കെതിരെ ആയിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണി. തങ്ങളെ തല്ലിയ പൊലീസുകാരെ മറന്നിട്ടില്ലെന്നും നിങ്ങളുടെ ചോരയും ഒഴുകും എന്നുമടക്കം മുദ്രാവാക്യത്തിൽ ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടെ ബാരിക്കേഡുകൾ അടക്കം പൊതുമുതൽ നശിപ്പിച്ചതിലും നടപടി ഉണ്ടാകും.
