സംസ്ഥാനത്ത് ഈ അധ്യയന വർഷം പാഠപുസ്തക വിതരണം വൈകുമെന്ന് സൂചന. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാഠപുസ്തക വിതരണത്തിലടക്കം അടിമുടി ആശയക്കുഴപ്പമാണുള്ളത്. മൂന്നരക്കോടി പുസ്തകം വേണമിന്നിരിക്കെ ഒരു കോടിയിൽ താഴെ മാത്രമാണ് പ്രിൻ്റിംഗ് പൂർത്തിയായത്. പാഠപുസ്‌തക വിതരണത്തിന് പിന്നാലെ യൂണിഫോം വിതരണവും ഇക്കുറി വൈകുമെന്നാണ് വിലയിരുത്തൽ. പാഠപുസ്‌തകങ്ങളുടെ ഒന്നാം വാല്യം ജൂൺ ഒന്നിന് മുമ്പ് വിതരണം ചെയ്യണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം. സംസ്ഥാനത്തെ 35 ലക്ഷത്തിലധികം കുട്ടികൾക്കായി വേണ്ടത് വിവിധ വിഷയങ്ങളിലെ മൂന്നര കോടിയിലധികം പുസ്തകങ്ങൾ. കൊച്ചിയിലെ കെബിപിഎസിൽ ഇതുവരെ അച്ചടിച്ചതാകട്ടെ ഒരു കോടിയിൽ താഴെ മാത്രം. അതിനിടെ അച്ചടിക്കാനുള്ള പേപ്പർ തീർന്നതും പ്രതിസന്ധിയായി. കുടിശ്ശിക നൽകാത്തതിനാൽ തമിഴ്നാട് പേപ്പർ മില്ലും മുഖംതിരിച്ചു. എന്നിട്ടും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ കുലുങ്ങിയില്ലെന്നാണ് ആരോപണം. പ്രതിസന്ധി പരിഹരിച്ച് അച്ചടി പുന:രാരംഭിച്ചെങ്കിലും പാഠപുസ്‌തക വിതരണം വൈകുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ വർഷങ്ങളിൽ അവധിക്കാലത്ത് തന്നെ ജില്ലാതല ബുക്ക് ഡിപ്പോകളിൽ പാഠപുസ്‌തകങ്ങൾ എത്തിച്ചിരുന്നു. എന്നാൽ മെയ് പകുതി ആയിട്ടും പല ഡിപ്പോകളിലും ഇതുവരെയും പുസ്‌തകങ്ങൾ എത്തിയിട്ടില്ല. അതേസമയം വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രവർത്തനം തന്നെ നിലവിൽ അവതാളത്തിലാണ്. നടപടികൾ പൂർത്തിയായിട്ടും സ്ഥലംമാറ്റ ഉത്തരവ് വൈകുന്നതിൽ പ്രതിസന്ധിയിലാണ് ഹയർ സെക്കൻഡറി അധ്യാപകർ. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് തീരുമാനം വൈകാൻ കാരണം. ഇതിനിടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അധ്യാപകർക്കുള്ള വേനലവധിക്കാല പരിശീലനവും നടത്താനായില്ല.
