കോഴിക്കോട് പന്തീരാങ്കാവിൽ ഒരു കിലോ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായ സംഭവത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. വിദ്യാർഥിളെ ലക്ഷ്യമിട്ട് വിൽപ്പന നടത്താനായാണ് ലഹരി മരുന്ന് കേരളത്തിൽ എത്തിച്ചത് എന്നാണ് പ്രതികൾ മൊഴി നൽകിയത്. പിടിയിലായവരുടെ ബാങ്ക് ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
പന്തീരാങ്കാവിൽ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വലിയ അളവിൽ എംഡിഎംഎ പിടികൂടുന്നത്. ഈ രണ്ട് കേസിലും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. മലപ്പുറം സ്വദേശികളായ മുഹമ്മദ് അർഷലാൽ, ആദിൽഷാ, മുഹമ്മദ് ഫർഹാൻ എന്നിവരെയാണ് ഒരു കിലോ എഡിഎംഎയുമായി കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ലഹരിക്കടത്തിനായി ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കേരളത്തിലെ വിദ്യാർഥികൾക്ക് നൽകാനായി കൊണ്ടുവന്നതാണെന്നും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും വിവരം ലഭിച്ചത്. ഡെൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച എംഡിഎംഎ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചെറിയ കച്ചവടക്കാർക്ക് പാക്കറ്റുകളാക്കി വിതരണം ചെയ്യാനായിരുന്നു പദ്ധതി. സ്കൂൾ-കോളജ് അവധിക്കാലം ലക്ഷ്യമിട്ടാണ് ലഹരി എത്തിച്ചതെന്നും വിദ്യാർഥികളാണ് പ്രധാന ഉപഭോക്താക്കളെന്നും പ്രതികൾ മൊഴി നൽകി. ഇപ്പോൾ പിടിയിലായ ആദിൽഷാ മറ്റ് ലഹരികേസുകളിലും പ്രതിയാണ്. നേരത്തെ പന്തീരാങ്കാവിൽ നിന്ന് മൂന്നര കിലോ എംഡിഎംഎ പിടികൂടിയ കേസിലെ പ്രതികളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
