ഭരണമാറ്റത്തിന് പിന്നാലെ കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ രാജി വെച്ചു.സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദനും വൈസ് പ്രസിഡന്റ് അശോകൻ ചെരുവിലുമാണ് രാജി വെച്ചത്.അക്കാദമി ആസ്ഥാനത്തെത്തിയാണ് സച്ചിദാനന്ദൻ ഔദ്യോഗികമായി രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ബാക്കി നിൽക്കെയാണ് സ്ഥാനമൊഴിഞ്ഞത്. വൈസ് പ്രസിഡന്റ് അശോകൻ ചെരുവിലും കൂടി സ്ഥാനമൊഴിയുന്നതോടെ പുതിയ ഭരണസമിതിയെ സർക്കാർ നിയോഗിക്കേണ്ട സാഹചര്യമാകും.
തുടർഭരണം അപകടമെന്ന കവി സച്ചിദാനന്ദന്റെ പ്രസ്താവന എൽഡിഎഫിനുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. തുടർഭരണം വേണ്ടെന്ന പ്രചാരണത്തിന്റെ തുടക്കമായി പ്രതിപക്ഷം പോലും ഉയർത്തിക്കാട്ടുന്നത് കവി സച്ചിദാനന്ദൻറെ വാക്കുകളാണ്. പിന്നാലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു, ഭരണമാറ്റം സംഭവിച്ചു. ദയനീയ തോൽവിയിൽ എൽഡിഎഫ് പതറി നിൽക്കുമ്പോഴാണ് മുൾ കിടക്ക വിടുന്നുവെന്നും സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നുവെന്നുമുള്ള കെ സച്ചിദാനന്ദൻറെ ഫേസ്ബുക്ക് കമന്റ്.വൈസ് പ്രസിഡണ്ടായ അശോകൻ ചെരുവിൽ കൂടി രാജിവെക്കുന്നതോടെ ഭരണസമിതി അപ്രസക്തമാകും. ഇതോടെ പുതിയ ഭരണസമിതിയെ നിയോഗിച്ച് സാഹിത്യ അക്കാദമിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകണം പുതിയ സർക്കാർ. കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷൻ്റെയും കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണുള്ളത്. കാലാവധി അവസാനിക്കുന്ന മുറക്ക് സ്ഥാനമൊഴിയാനാണ് വിവിധ അക്കാദമി ഭാരവാഹികളുടെ തീരുമാനം.
