മുൻ സംസ്ഥാന പൊലീസ് മേധാവി ഡോ.പി ജെ അലക്സാണ്ടർ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കൊല്ലം വാളകം കമ്പംതോട് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.
1961 ഐ പി എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് പി ജെ അലക്സണ്ടർ. കെ കരുണാകരന്റെ കാലഘട്ടത്തിൽ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്.വിരമിച്ച ശേഷം പൊലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.1994ല്‍ വിരമിക്കുമ്പോള്‍ കെഎസ്ഐഡിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു. റവന്യൂ ബോർഡ് ജോയിന്റ് കമ്മീഷണർ, സാമ്പത്തിക കുറ്റാന്വേഷണം, സെക്യൂരിറ്റി ഇന്‍റലിജൻസ് ഡിഐജിയായും ട്രാവൻകൂർ ടൈറ്റാനിയം, ട്രാവൻകൂർ സിമന്‍റ്സ്, കെഎസ്ആർടിസി എന്നിവയുടെ എംഡിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിയമപാലനവും ക്രമസമാധാനവും എന്ന വിഷയത്തിൽ പി ജെ അലക്സാണ്ടർ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
