പഞ്ചാബില്‍ ഇരട്ട സ്ഫോടനം. ജലന്ധറിലും അമൃത്‌സറിലും ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സ്ഫോടനങ്ങള്‍ നടന്നത്. സ്ഫോടനങ്ങളില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷാ ഏജൻസികള്‍ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പഞ്ചാബ് പൊലീസും കേന്ദ്ര ഏജൻസികളും സംയുക്തമായി അന്വേഷണം ആരംഭിച്ചു.
ജലന്ധറിലെ ബിഎസ്എഫ് ചൗക്കിലാണ് ആദ്യ സ്ഫോടനം നടന്നത്. ബിഎസ്എഫ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള തിരക്കേറിയ ഈ പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൻ്റെ ആഘാതം ഏകദേശം 300 മീറ്റർ അകലെ വരെ അനുഭവപ്പെട്ടു. സ്ഫോടനത്തില്‍ കാറിൻ്റെ ചില്ലും, കടയുടെ ചില്ലുകളും തകർന്നു.
സിസിടിവി ദൃശ്യങ്ങളില്‍ സ്കൂട്ടർ പൊട്ടിത്തെറിക്കുന്നതും സമീപത്തുണ്ടായിരുന്ന ആള്‍ ഓടി മാറുന്നതും വ്യക്തമാണ്. സംഭവത്തിൽ സ്കൂട്ടർ ഉടമയായ ഗുർപ്രീത് സിങ് എന്ന ഡെലിവറി ഏജന്റിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തന്റെ സ്കൂട്ടറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു എന്നാണ് ഇയാളുടെ മൊഴി.
ജലന്ധറിലെ സംഭവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം അമൃത്‌സറിലെ ഖാസ മേഖലയിലുള്ള ആർമി ക്യാംപിന് പുറത്താണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്. മോട്ടോർ സൈക്കിളിലെത്തിയ അക്രമി ഗ്രനേഡ് എറിഞ്ഞതാണെന്നാണ് പ്രാഥമിക സംശയം. അട്ടാരി-വാഗ രാജ്യാന്തര അതിർത്തിയില്‍ നിന്ന് വെറും 15 കിലോമീറ്റർ മാത്രം അകലെയുള്ള അതീവ സുരക്ഷാ മേഖലയിലാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്.
സംഭവത്തില്‍ അട്ടിമറി സാധ്യതയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഫോറൻസിക് പരിശോധനകള്‍ക്കും വിശദമായ അന്വേഷണത്തിനും ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പൊലീസ് കമ്മീഷണർ ധൻപ്രീത് കൗർ അറിയിച്ചു. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. ഫോറൻസിക് വിദഗ്ധരും ബോംബ് സ്ക്വാഡും സംഭവസ്ഥലങ്ങളില്‍ പരിശോധന നടത്തി. സംസ്ഥാനത്തെ എല്ലാ തന്ത്രപ്രധാന മേഖലകളിലും ബിഎസ്എഫ് കേന്ദ്രങ്ങളിലും സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.
