നേരിട്ടുള്ള ചർച്ച ഇല്ലെന്ന നിലപാട് തുടരുന്നതിനിടെ ഇറാനും അമേരിക്കയും തമ്മിൽ പരോക്ഷ ചർച്ചയ്ക്ക് സാധ്യത ഉയരുന്നു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇസ്ലാമാബാദിൽ എത്തിയതിന് പിന്നാലെ മധ്യേഷ്യ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്‍റെ മരുമകൻ ജാറെഡ് കുഷ്നറുമാണ് ഇസ്ലാമാബാദിലേക്കു പുറപ്പെട്ടത്.
അമേരിക്കയുമായി നേരിട്ടുള്ള ചർച്ച ഉണ്ടാകില്ലെന്ന് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. പാകിസ്താൻ വഴിയുള്ള ആശയ വിനിമയം മാത്രമേ ഉണ്ടാകൂ എന്ന് പറയുന്നുണ്ടെങ്കിലും സ്ഥിതി മാറാം എന്നാണ് കണക്കുകൂട്ടൽ. ഒരിക്കൽ കൂടി ഇരുരാജ്യങ്ങളേയും ഒന്നിച്ചിരുത്താൻ പാകിസ്താൻ ശ്രമിക്കുന്നുണ്ട്. ഷട്ടിൽ ഡിപ്ലോമസി എന്ന് അറിയപ്പെടുന്ന മുഖാമുഖം കാണാതെ ചർച്ചയ്ക്കുള്ള സാധ്യതയാണ് നിരീക്ഷകർ ഇപ്പോൾ കാണുന്നത്. ഒരു മുറിയിൽ അമേരിക്കൻ പ്രതിനിധികളും മറ്റൊരു മുറിയിൽ ഇറാൻ പ്രതിനിധികളുമാണ് ഉണ്ടാവുക. ഇരുമുറികളിലേക്കും പരസ്പരമുള്ള സന്ദേശം മധ്യസ്ഥർ കൈമാറുന്ന രീതിയിലുള്ള ചർച്ചയാണ് ഷട്ടിൽ ഡിപ്ലോമസി എന്ന് അറിയപ്പെടുന്നത്. പാകിസ്താൻ പ്രതിനിധികൾ എപ്പോഴും ഇരുമുറികളും മാറി മാറി സന്ദർശിക്കും.
ചർച്ചയിൽ പുരോഗതി ഉണ്ടെങ്കിൽ Jപാകിസ്താൻ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് ഇസ്ലാബാദിലേക്ക് എത്തും. അത്തരമൊരു സാഹചര്യത്തിൽ ഇറാന്‍റെ സ്പീക്കർ മുഹമ്മദ് ബാഗെർ ഖാലിബാഫും എത്താൻ ഇടയുണ്ട്. അമേരിക്കയെ പ്രകോപിപ്പിച്ചുള്ള യാത്രാ പദ്ധതിയാണ് ഇറാൻ വിദേശകാര്യമന്ത്രി പ്രഖ്യാപിച്ചത്. പാകിസ്താനിൽ നിന്ന് മോസ്കോയിലേക്കു പോകും എന്നാണ് സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. ഇറാൻ വിദേശകാര്യമന്ത്രിയുടെ ഈ സമയത്തെ റഷ്യൻ സന്ദർശനത്തിന് അനേകം മാനങ്ങളുണ്ട്. റഷ്യയിൽ നിന്ന് നേരത്തെ തന്നെ ആയുധമടക്കം സമാഹരിച്ചിട്ടുള്ള ഇറാൻ കൂടുതൽ സഹകരണം ലക്ഷ്യമിടുന്നു എന്നാണ് സൂചന. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ ഉപയോഗിച്ച ഡ്രോണുകൾ നൽകിയത് ഇറാൻ ആയിരുന്നു.അതേസമയം ഹോർമുസ് മേഖലയിലെ സംഘർഷം തുടരുകയാണ്.43 കണ്ടെയ്നർ കപ്പലുകളാണ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. ഇറാനിലേക്കുള്ള കപ്പൽ അമേരിക്കയും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള കപ്പലുകൾ ഇറാനും പിടിച്ചെടുത്തതോടെ ചരക്കു നീക്കം നിലച്ച മട്ടാണ്.രാജ്യാന്തര എണ്ണവില 105 ഡോളർ കടന്നതായി റിപ്പോർട്ട്.108 ഡോളറിനാണ് ഇന്ത്യ കഴിഞ്ഞ ദിവസം എണ്ണ വാങ്ങിയത്.
നേരിട്ടുള്ള ചർച്ച ഇല്ലെന്ന നിലപാടിൽ ഇറാൻ; അമേരിക്കൻ സംഘം പാകിസ്താനിൽ
