കരാറിലെത്താൻ ഇറാന് ഇനി അധികസമയം ബാക്കിയില്ലെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് .”കരാറിലെത്താൻ അമേരിക്കയ്ക്കു മുന്നിൽ ലോകത്തെ സമയം മുഴുവനുണ്ട്. എന്നാൽ ഇറാനു മുന്നിൽ അതില്ല. അവരുടെ ക്ലോക്കിൽ സമയമടുക്കുകയാണ്.” ഇതാണ് ഡോണൾഡ് ട്രംപ് ഇന്ന് സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.
യുദ്ധവിരാമത്തിനുള്ള സാധ്യതകൾ മങ്ങുമ്പോൾ ഇസ്ലാമാബാദിൽ നടക്കുമെന്നു പ്രഖ്യാപിച്ച ചർച്ച ഉപേക്ഷിച്ച മട്ടാണ്. കഴിഞ്ഞ തിങ്കളാഴ്ച വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് ഇസ്ലാമാബാദിൽ എത്തും എന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. അവസാനമായി വെള്ളിയാഴ്ചയ്ക്കു മുൻപ് ചർച്ച നടക്കുമെന്നായിരുന്നു സൂചന, എന്നാൽ അതും ഫലപ്രദമായ നീക്കങ്ങളിലേക്ക് മാറിയില്ല.അതേസമയം നയതന്ത്ര നീക്കങ്ങൾ മന്ദഗതിയിലായിരിക്കെ യുദ്ധസന്നാഹങ്ങൾ ശക്തമാക്കുകയാണ് അമേരിക്ക. ഗൾഫ് മേഖലയിലേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ ജോർജ് എച്ച് ഡബ്ലിയു ബുഷ് കൂടി എത്തിച്ചു.നേരത്തെ തന്നെ ജെറാൾഡ് ആർ ഫോൾഡ്, ഏബ്രഹാം ലിങ്കൺ എന്നീ വിമാന വാഹിനിക്കപ്പലുകൾ ഗൾഫ് മേഖലയിലുണ്ട് . ഇതോടെ മേഖലയിൽ അമേരിക്കയുടെ സൈനിക സാന്നിധ്യം ഗണ്യമായി വർധിച്ചു.
ഹോർമുസിൽ ഒരു ആക്രമണത്തിന് അമേരിക്ക ഒരുങ്ങുന്നതിന്‍റെ ഭാഗമായാണ് മൂന്നാമത്തെ കപ്പലും എത്തിയതെന്നാണ് സൂചന.. കടൽബോംബുകൾ സ്ഥാപിക്കുന്നതായി സംശയിക്കുന്ന ബോട്ടിലുള്ളവരെ വെടിവച്ച് കൊല്ലാൻ നാവികസേനയ്ക്ക് ട്രംപ് ഇന്നലെ നിർദേശം നൽകിയിരുന്നു.ഇറാൻ മൂന്ന് ചരക്കുകപ്പലുകൾ പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് നീക്കങ്ങൾ ശക്തമാക്കിയത്. അമേരിക്കയും ഇറാനും ഇനിയും യുദ്ധത്തിലേക്കു നീങ്ങാതെ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ വീണ്ടും ആവശ്യപ്പെട്ടു. ഇറാനിലെ സാധാരണ ജനങ്ങളാണ് യുദ്ധത്തിന്റെ ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നതെന്നും അത് കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.ലബനൻ വിഷയത്തിൽ വൈറ്റ് ഹൗസിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി ദീർഘിപ്പിക്കാൻ ധാരണയായി. നേരത്തെ പ്രഖ്യാപിച്ചിരുന്നത് പത്ത് ദിവസത്തേക്കായിരുന്നു
ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്; യുദ്ധസന്നാഹം ശക്തമാക്കി അമേരിക്ക
