ഇന്ത്യയും ചൈനയും സംയുക്തമായി ലിപുലേഖ് പാസ് വഴി കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ചതിൽ നേപ്പാളിന് അതൃപ്തി. നേപ്പാളിലെ പുതിയ ബലെൻ ഷാ സർക്കാർ ഇന്ത്യയ്ക്കും ചൈനയ്ക്കും പ്രതിഷേധം അറിയിച്ച് കത്തയച്ചു. ലിപുലേഖ് പ്രദേശം തങ്ങളുടേതാണെന്നും നേപ്പാളിന്റെ അനുമതിയില്ലാതെ യാതൊരുവിധ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നുമാണ് നേപ്പാളിന്റെ നിലപാട്.
ലിപുലേഖ് വഴി കൈലാസ് മാനസരോവർ യാത്ര നടത്താനുള്ള പദ്ധതിയെ നേപ്പാൾ ശക്തമായി എതിർക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലോക് ബഹാദൂർ പൗഡൽ ഛേത്രി വ്യക്തമാക്കി. ഇത് തങ്ങളുടെ നാടാണെന്നും തങ്ങളുടെ സമ്മതമില്ലാതെ അവിടെ ഒരു പ്രവർത്തനവും നടത്തരുതെന്നുമാണ് നേപ്പാൾ വാദിക്കുന്നത്. ഏതെങ്കിലും ഒരു നേതാവിന്റെ മാത്രം തീരുമാനമല്ലെന്നും, നേപ്പാളിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച ശേഷമാണ് പ്രതിഷേധ കുറിപ്പ് അയച്ചതെന്നും നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ പറഞ്ഞു.
