ഇറാൻ–അമേരിക്ക ചർച്ച ഉപേക്ഷിച്ചെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വീണ്ടും സാധ്യതകൾ ഉയരുന്നത്. ഒമാനിലേക്കു പോയ അബ്ബാസ് അരാഗ്ചി വീണ്ടും ഇസ്ലാമാബാദിലേക്ക് മടങ്ങുമെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നത്.ടെഹ്റാനിലേക്കു മടങ്ങിയ ഇറാൻ പ്രതിനിധി സംഘത്തിലെ മറ്റുള്ളവരും ഇന്നു രാത്രി തന്നെ ഇസ്ലാമാബാദിൽ എത്തിയേക്കും.അമേരിക്കൻ സംഘവുമായി നേരിട്ടുള്ള ചർച്ചയ്ക്കായാണ് ഈ നീക്കമെന്നാണ് സൂചന.അമേരിക്കൻ സംഘം എന്നാണ് എത്തുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ തൃപ്തികരമല്ലെന്ന് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ അമേരിക്കൻ പ്രതിനിധികളുടെ പാകിസ്താൻ യാത്ര ഉപേക്ഷിക്കപ്പെട്ടിരുന്നു.എന്നാൽ ഇപ്പോൾ സാഹചര്യം മാറുന്നതായാണ് റിപ്പോർട്ടുകൾ. ഇറാൻ നൽകിയ ചില നിർദേശങ്ങൾ അമേരിക്ക പരിഗണിക്കാൻ തയ്യാറായതോടെയാണ് ചർച്ചകൾക്ക് വീണ്ടും വഴിതെളിയുന്നത്.
ഇതിനിടെ അറബിക്കടലിൽ ഇറാനിൽ നിന്നുള്ള എണ്ണക്കപ്പൽ അമേരിക്ക തടഞ്ഞ സംഭവം സംഘർഷം വർധിപ്പിച്ചിട്ടുണ്ട്. ഉപരോധം മൂലം ഇറാനിൽ ഇന്ധനത്തിനും ഭക്ഷ്യവസ്തുക്കൾക്കും ക്ഷാമം രൂക്ഷമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഊർജ്ജ ഉപയോഗം കുറയ്ക്കാനും സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തു. അമേരിക്കയും ഇസ്രായേലും ഇറാന്‍റെ വൈദ്യുതി നിലയങ്ങൾ ഏതു സമയത്തും ആക്രമിക്കാം എന്ന സാഹചര്യത്തിലാണിത്. ഹോർമുസിൽ ഇറാൻ തുടരുന്ന ഉപരോധം ലോകത്തേയും കാര്യമായി ഉലയ്ക്കുന്നുണ്ട്. എണ്ണയ്ക്കും വാതകത്തിനും നല്ലക്ഷാമം നേരിട്ടുതുടങ്ങി. ആഗോള ചരക്കുനീക്കത്തിന്‍റെ നാലിലൊന്നും തടസ്സപ്പെട്ടിരിക്കുകയാണ്. വെടിനിർത്തൽ ഉണ്ടെങ്കിലും തെക്കൻ ലബനനിൽ ഹെസ്ബുള്ളയ്ക്കെതിരേ ഇസ്രായേൽ ആക്രമണം തുടരുകയാണ്.
