അഫ്ഗാനിസ്ഥാനിൽ വിവാഹം, ബാലവിവാഹം എന്നിവ നിയന്ത്രിക്കുന്ന പുതിയ കുടുംബ നിയമ ചട്ടങ്ങൾക്ക് താലിബാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക അംഗീകാരം. പ്രായപൂർത്തിയും കന്യകയുമായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന പുതിയ നിയമത്തിലെ വിവാദ വ്യവസ്ഥ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതിഷേധങ്ങൾക്കും വലിയ വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ അംഗീകാരം നൽകിയ “Principles of Separation Between Spouses” എന്ന പേരിലുള്ള 31 ഇന ചട്ടങ്ങൾ മെയ് പകുതിയോടെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ നിയമപ്രകാരം, വിവാഹ കാര്യത്തിൽ പെൺകുട്ടിയുടെ മൗനത്തെ സമ്മതമായി വ്യാഖ്യാനിക്കുമ്പോൾ, ആൺകുട്ടികളുടെയോ മുമ്പ് വിവാഹിതരായ സ്ത്രീകളുടെയോ മൗനം ഇത്തരത്തിൽ സമ്മതമായി കണക്കാക്കില്ലെന്നും ഇതിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. പെൺകുട്ടിയുടെ പിതാവിനും മുത്തശ്ശനും ബാലവിവാഹങ്ങൾ നടത്തുന്നതിൽ വിപുലമായ അധികാരം നൽകുന്നതാണ് പുതിയ നിയമം. പിതാവോ മുത്തശ്ശനോ അല്ലാത്ത ബന്ധുക്കളാണ് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവാഹം നടത്തുന്നതെങ്കിൽ, പങ്കാളി അനുയോജ്യനാണെങ്കിലും സ്ത്രീധനം കൃത്യമാണെങ്കിലും മാത്രമേ അതിന് നിയമസാധുത ഉണ്ടായിരിക്കുകയുള്ളൂ.
ബാലവിവാഹം, ഭർത്താക്കന്മാരെ കാണാതാകൽ, നിർബന്ധിത വേർപിരിയൽ, മതത്യാഗം, വ്യഭിചാര ആരോപണങ്ങൾ തുടങ്ങിയ മതപരവും നിയമപരവുമായ നിരവധി കാര്യങ്ങളാണ് ഈ പുതിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രായപൂർത്തിയായ ശേഷം ഈ വിവാഹം റദ്ദാക്കാൻ കുട്ടിക്ക് അവകാശമുണ്ടെങ്കിലും താലിബാൻ കോടതിയുടെ ഉത്തരവ് നിർബന്ധമാണ്. വ്യഭിചാര ആരോപണം, നിർബന്ധിത മതപരിവർത്തനം, ഭർത്താവിന്റെ ദീർഘകാലത്തെ അസാന്നിധ്യം തുടങ്ങിയ തർക്കങ്ങളിൽ ഇടപെടാനും വേർപിരിയൽ, തടവുശിക്ഷ ഉൾപ്പെടെയുള്ളവ വിധിക്കാനും താലിബാൻ ജഡ്ജിമാർക്ക് ഈ നിയമം അധികാരം നൽകുന്നു.
2021 ഓഗസ്റ്റിൽ താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്തത് മുതൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ ഏർപ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങളുടെ തുടർച്ചയാണ് പുതിയ ഉത്തരവ്. മൗനം സമ്മതമായി കാണുന്നത് പെൺകുട്ടികളുടെ ശബ്ദം പൂർണമായും ഇല്ലാതാക്കുമെന്നും, നിർബന്ധിത വിവാഹങ്ങളെ എതിർക്കുന്ന ഇസ്ലാമിക നിയമങ്ങളുടെ യഥാർഥ മനോഭാവത്തിന് വിരുദ്ധമാണ് താലിബാന്റെ ഈ നടപടിയെന്നും സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
