സൂര്യനെല്ലി കാടിന്റെ തണലിൽ ഇനി ഓഫീസ്: KFDC-യുടെ “വർക്കേഷൻ” പാക്കേജ്
മൂന്നാർ/സൂര്യനെല്ലി: തിരക്കേറിയ നഗരജീവിതത്തിനും ക്യൂബിക്കിൾ ജോലിക്കും ഒരു ഇടവേള നൽകി, മലനിരകളുടെ നടുവിലിരുന്ന് ജോലി ചെയ്യാൻ അവസരമൊരുക്കി കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ (KFDC). സൂര്യനെല്ലി നാച്ചുറൽ ക്യാമ്പിൽ ആരംഭിച്ച് ഒരു പ്രീമിയം ബയോഡൈവേഴ്സിറ്റി എക്സ്പീരിയൻസ്. വർക്കേഷൻ പാക്കേജ് റിമോട്ട് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും ക്രിയേറ്റർമാർക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ പ്രിയങ്കരമാകുകയാണ്.
“ക്യൂബിക്കിൾ വിടൂ, കാനോപ്പിയിലേക്ക് സ്വാഗതം” എന്നാണ് പദ്ധതിയുടെ ആപ്തവാക്യം. ഉൽപ്പാദനക്ഷമതയും ശാന്തതയും ഒരുമിപ്പിക്കുകയാണ് ലക്ഷ്യം.
പച്ചപ്പിന് നടുവിലെ വർക്ക്സ്പേസ്
സൂര്യനെല്ലി നാച്ചുറൽ ക്യാമ്പിലെയും കോട്ടേജുകളിലെയും ജോലിസ്ഥലത്തുനിന്ന് നോക്കിയാൽ പരന്നുകിടക്കുന്ന മലനിരകളും ഇടതൂർന്ന വനമേലാപ്പും കാണാം. ശുദ്ധമായ മലയോര വായുവും വനത്തിന്റെ ശാന്തതയുമാണ് ഇവിടത്തെ പ്രത്യേകത. അതേസമയം, ജോലിക്ക് തടസ്സമുണ്ടാകാതിരിക്കാൻ ഹൈസ്പീഡ് ഇന്റർനെറ്റ്, പ്രത്യേകം സജ്ജമാക്കിയ വർക്ക്സ്പേസ്, ചാർജിങ് സ്റ്റേഷനുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ജോലി കഴിഞ്ഞാൽ സാഹസികത
ദിവസത്തെ ജോലി അവസാനിക്കുന്നതോടെ യഥാർത്ഥ അനുഭവം തുടങ്ങുന്നു. ഗൈഡിനൊപ്പമുള്ള പ്രകൃതി നടത്തം, പക്ഷിനിരീക്ഷണം, സന്ധ്യാസമയത്തെ വന്യജീവി ട്രയലുകൾ, ഉൾക്കാട്ടിലെ നക്ഷത്രനിരീക്ഷണം എന്നിവ അതിഥികളെ കാത്തിരിക്കുന്നു.
മൂന്ന് രാത്രി, നാല് പകൽ: പരിപാടികൾ ഇങ്ങനെ
- ഒന്നാം ദിവസം – വരവും പ്രകൃതിയിലേക്കുള്ള ഇറക്കവും:ഉച്ചയ്ക്ക് 2 മണിക്ക് ചെക്ക്-ഇൻ. വൈകിട്ട് 4 മണിക്ക് ക്യാമ്പ് പരിസരത്തുകൂടി ചെറിയൊരു നടത്തം. 6 മണിയോടെ ജോലിയിലേക്ക്. രാത്രി 7.30-ന് ഡിന്നറും ക്യാമ്പ്ഫയറും.
- രണ്ടാം ദിവസം – ജോലിയും കൊടുമുടിക്കാഴ്ചകളും: രാവിലെ 8 മുതൽ 10 വരെ പ്രഭാതഭക്ഷണം, 10 മണി മുതൽ ജോലി. ഉച്ചഭക്ഷണം 12.30 മുതൽ 2 വരെ. വൈകിട്ട് 4-ന് ചായ, 4.30-ന് മനസ്സിനു ഉന്മേഷം പകരുന്ന വ്യൂ പോയിന്റ് ട്രെക്കിങ്. രാത്രി 7.30-ന് ഡിന്നർ.
- മൂന്നാം ദിവസം – യാത്രയയപ്പ്: രാവിലെ 7 മുതൽ 10 വരെ പ്രഭാതഭക്ഷണം. തുടർന്ന് ഗ്രാമസന്ദർശനത്തിന് പോകാം, അല്ലെങ്കിൽ ക്യാമ്പിൽ വിശ്രമിക്കാം. ഉച്ചയ്ക്ക് 12 മണിക്ക് ചെക്ക്-ഔട്ട്.
കൊളുക്കുമലയിലെ സൂര്യോദയം
താമസത്തിനിടെ ഇഷ്ടമുള്ള ദിവസം കൊളുക്കുമല സൺറൈസ് ജീപ്പ് സഫാരി ആവശ്യപ്പെട്ടാൽ അറേഞ്ച് ചെയ്യും. ഇതിന് അധിക തുക നൽകണം, പാക്കേജിൽ ഉൾപ്പെടുന്നതല്ല. അതുപോലെ, പ്രാദേശിക ഗ്രാമസന്ദർശനം അതിഥികളുടെ സ്വന്തം ചെലവിലും വാഹനത്തിലും സാധ്യമാണ്.
പാക്കേജ് വിവരങ്ങൾ
നിരക്ക്: ഒരു മുറിക്ക് ₹14,000 + GST (3 രാത്രി / 4 പകൽ, ഒരു മുറിയിൽ പരമാവധി 2 പേർ)
ഭക്ഷണം: 4 നേരം ഭക്ഷണം ഉൾപ്പെടെ; 24 മണിക്കൂറും സഹായം ലഭ്യം
സൗകര്യങ്ങൾ: ഹൈസ്പീഡ് ഇന്റർനെറ്റ്, പ്രത്യേക വർക്ക്സ്പേസ്, പുൽത്തകിടിയിലും വരാന്തയിലും ഇരിപ്പിടങ്ങൾ, ചാർജിങ് സ്റ്റേഷനുകൾ, കഫറ്റീരിയ, ആവശ്യമെങ്കിൽ ലോൺഡ്രി സേവനം
ഓഫീസിന്റെ നാലു ചുവരുകൾക്കപ്പുറം, കാടിന്റെ പച്ചപ്പിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് KFDC-യുടെ ഈ വർക്കേഷൻ ഒരു വേറിട്ട അനുഭവമായിരിക്കും. നിലവിൽ ഗവിയിലും സൂര്യനെല്ലിയിലുമാണ് ഉള്ളത്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും KFDC-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
