പഞ്ചാബ് കിംഗ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ ആശങ്കയായി ലുങ്കിസാനി എങ്കിഡിയുടെ പരിക്ക്. പഞ്ചാബ് താരം പ്രിയാൻഷ് ആര്യയുടെ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ തലയിടിച്ചുവീണ ഡൽഹി താരത്തെ ആംബുലൻസിൽ പുറത്തേക്ക് കൊണ്ടുപോയി. ഗ്രൗണ്ടിൽ വച്ച് 15 മിനിട്ടോളം പ്രാഥമിക ശുശ്രൂഷ നൽകിയശേഷമാണ് താരത്തെ പുറത്തേക്ക് കൊണ്ടുപോയത്.
പഞ്ചാബ് ഇന്നിംഗ്സിലെ മൂന്നാം ഓവറിലായിരുന്നു സംഭവം. അക്സർ പട്ടേലിൻ്റെ പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ച പ്രിയാൻസ് ആര്യക്ക് പിഴച്ചു. മിഡ് ഓഫിലേക്ക് ഉയർന്നുപൊങ്ങിയ പന്ത് പിടുകൂടാൻ ശ്രമിക്കുന്നതിനിടെ പിന്നിലേക്ക് തലയിടിച്ചുവീണ എങ്കിഡി തലപൊത്തി നിലത്ത് കിടക്കുകയായിരുന്നു. ഉടൻ ഓടിയെത്തിയ ടീം ഡോക്ടർ എങ്കിഡിയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ഡോക്ടറോട് പ്രതികരിക്കുന്ന എങ്കിഡിയുടെ കാഴ്ച ആശ്വാസകരമായിരുന്നെങ്കിലും താരത്തെ ആംബുലൻസിൽ പുറത്തേക്ക് കൊണ്ടുപോയി.
265 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യവുമായാണ് പഞ്ചാബ് കിംഗ്സ് ഇറങ്ങിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 264 റൺസ് നേടി. കെഎൽ രാഹുൽ (67 പന്തിൽ 152 നോട്ടൗട്ട്) പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ 44 പന്തിൽ 91 റൺസ് നേടിയ നിഥീഷ് റാണയും മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ഗംഭീര തുടക്കമാണ് ഓപ്പണർമാർ ചേർന്ന് നൽകിയത്. മൂന്നാം ഓവറിൽ 50 പൂർത്തിയാക്കിയ സഖ്യം നാല് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 83 റൺസെന്ന നിലയിലാണ്.
