കനത്ത തോൽവിക്ക് പിന്നാലെ കേരള കോൺഗ്രസ് എം പിളർപ്പിന്റെ വക്കിൽ. പാലായിൽ തുടങ്ങി കോട്ടയം പിടിച്ച് സംസ്ഥാനത്തിന്റെ പല ഭാഗത്തേക്ക് പടർന്ന പാർട്ടിക്ക്, ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് ഇക്കുറി നേരിടേണ്ടി വന്നത്. സംഘടനാ സംവിധാനം ദുർബലപ്പെട്ടതോടെ ജോസ് കെ മാണിയുടെ നേതൃത്വവും ചോദ്യം ചെയ്യപ്പെടുകയാണ്.
12 സീറ്റിൽ പന്ത്രണ്ടിലും തോറ്റു. പാർട്ടി ചെയർമാൻ ജോസ് കെ മാണി മാത്രമല്ല, മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് കാഞ്ഞിരപ്പള്ളിയിലെ ജയരാജും പരാജയപ്പെട്ടു. വോട്ട് വിഹിതം കുത്തനെ കുറഞ്ഞു. 46 വർഷം പഴക്കമുള്ള പാർട്ടി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിയിൽ പതിച്ചു. പാർട്ടി രൂപീകരിച്ച ശേഷം ഇതാദ്യമായാണ് മാണി കോൺഗ്രസ് അംഗങ്ങൾ ഇല്ലാത്ത നിയമസഭ. ബദ്ധവൈരികളായ ജോസഫ് വിഭാഗത്തിന് 8ൽ 7 സീറ്റും കിട്ടിയതാണ് ജോസിനെ അലട്ടുന്ന മറ്റൊരു കാര്യം. രണ്ടില കൊഴിഞ്ഞ കോട്ടയത്തെ മണ്ണിൽ ജോസഫിന്റെ ഓട്ടോറിക്ഷ ഓടുമോ, ആ ഓട്ടോയിൽ തന്റെ ഒപ്പമുള്ളവർ കയറി പോകുമോ എന്ന് വരെ ഭയക്കുന്നുണ്ട്
യുഡിഎഫിൽ നിന്നിറങ്ങി കഴിഞ്ഞ തവണ 12 സീറ്റിൽ മത്സരിച്ച പാർട്ടിക്ക് 5 എണ്ണത്തിൽ വിജയിക്കാനായിരുന്നു. ഇത്തവണ മുന്നണി മാറിയിരുന്നെങ്കിൽ അതിനേക്കാൾ വലിയ നേട്ടം കൊയ്യാമായിരുന്നു എന്നാണ് വിലയിരുത്തൽ. ഇടതുമുന്നണി വിടണമെന്നും വേണ്ടെന്നും രണ്ട് നിലപാടായിരുന്നു പാർട്ടിക്ക്. റോഷിയും ജോസും രണ്ട് പക്ഷമായി നിന്നതോടെ പിളർപ്പ് ഒഴിവാക്കാൻ LDFൽ തന്നെ തുടരാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം നന്നേ തെറ്റായെന്ന വിലയിരുത്തലിലാണ് ഇപ്പോൾ.
