കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് മുസ്ലീം ലീഗ് നേതൃയോഗത്തിൽ ചർച്ച നടന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്തുന്നത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് ആക്ഷേപം. യുഡിഎഫിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ലീഗാണെന്ന പ്രചാരണത്തിന് ശക്തിപകരുന്നതാണ് ചർച്ചയെന്നാണ് അതൃപ്തരായ നേതാക്കളുടെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ചേർന്ന മുസ്ലീം ലീഗ് നേതൃയോഗത്തിലാണ് കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച വിഷയമായത്. വി ഡി സതീശന് അനുകൂലമായ വികാരമാണ് യോഗത്തിൽ ഉയർന്നത്. ജനഹിതം വി ഡി സതീശനൊപ്പമെന്ന് വിലയിരുത്തിയ ലീഗ് നേതാക്കൾ, മുഖ്യമന്ത്രി ആരെന്നതിൽ മുന്നണിയിലും ചർച്ച വേണമെന്ന ആവശ്യമുയർത്തി. ഇതാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചത്. കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് തീരുമാനിക്കും എന്നായിരുന്നു മുസ്ലീം ലീഗിന്റെ പരസ്യ പ്രതികരണം. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്നും ഇടപെടില്ലെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും ലീഗ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രികാര്യം ചർച്ച ചെയ്തതിലാണ് അമർഷം.
ലീഗിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല. ആ സാഹചര്യത്തിൽ ഇത്തരമൊരു ചർച്ച മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്തുണ്ടായ അഞ്ചാംമന്ത്രി വിവാദം പോലെ ഈ ചർച്ചയും തിരിച്ചടിയാകുമെന്നാണ് അതൃപ്തരായ നേതാക്കളുടെ വിലയിരുത്തൽ. യുഡിഎഫ് അധികാരത്തിലെത്തിയാൽ ലീഗ് കാര്യങ്ങൾ തീരുമാനിക്കുമെന്നായിരുന്ന ഈ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിൻ്റെയും ബിജെപിയുടെയും പ്രചാരണം. ഇതിന് ബലം നൽകുന്നതാണ് ചർച്ചകളെന്നാണ് ആക്ഷേപം. മുന്നണി യോഗത്തിൽ വിഷയം ഉന്നയിക്കാനാണ് തീരുമാനം.
