ഇടുക്കിയിൽ ഇക്കുറി കോൺഗ്രസ് നടത്തിയത് ജീവൻ മരണപോരാട്ടം തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ ഇടുക്കിയിൽ അഞ്ച് സീറ്റും ഉറപ്പിച്ച് കോൺഗ്രസ്. ജില്ലയിൽ കോൺഗ്രസിൽ നിന്ന് ഒരു മന്ത്രി ഉണ്ടാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഡിസിസി പ്രസിഡന്റ് സി പി മാത്യു.
ഇടുക്കിയിൽ ഇത്തവണ കനത്ത മത്സരമാണ് നടന്നത്. മന്ത്രി റോഷി അഗസ്റ്റിനെ നേരിടാൻ മൂന്ന് പതിറ്റാണ്ടിന് ശേഷം കൈപ്പത്തി ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചു. ഇവിടെ റോയി കെ പൗലോസ് ഇക്കുറി അത്ഭുതം സൃഷ്ടിക്കുമെന്നാണ് കോൺഗ്രസിന്റെ പൂർണ വിശ്വാസം. എംഎം മണിക്ക് പകരം കെ കെ ജയചന്ദ്രൻ മത്സരത്തിനിറങ്ങിയതിനാൽ ഉടുമ്പൻചോലയിലുമുണ്ട് പ്രതീക്ഷ. സേനാപതി വേണുവിലൂടെ ഉടുമ്പൻചോല പിടിച്ചെടുക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ദേവികുളത്ത് എസ് രാജേന്ദ്രൻ ഇടത് വോട്ടുകളിൽ വിള്ളലുണ്ടാക്കിയാൽ എഫ് രാജയ്ക്ക് എ രാജയെ മലർത്തിയടിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.രണ്ട് പതിറ്റാണ്ടിന് ശേഷം പീരുമേട്ടിൽ സിറിയക് തോമസിലൂടെ വിജയം ഉണ്ടാകും എന്നും പ്രതീക്ഷയുണ്ട്. മണ്ഡലത്തിൽ പലയിടത്തും ‘സിറിയക് തോമസ് നിയുക്ത എംഎൽഎക്ക് സ്വാഗതം’ എന്ന ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. അഞ്ചിടത്തും ഇത്തരത്തിൽ ഫ്ലക്സ് ബോർഡുകൾ വെക്കാൻ കഴിയുന്ന ആത്മവിശ്വാസത്തിലാണ് ഡിസിസി പ്രസിഡന്റ് സിപി മാത്യു.
