കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ബുള്ളറ്റ് ബൈക്ക് വീടിന് മുന്നിൽ വെച്ച് തീയിട്ട് നശിപ്പിച്ച കേസിൽ നാടകീയമായ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരെയാണ് അഞ്ചൽ പൊലീസ് പിടികൂടിയത്. പൊലീസുകാരനായ വിവേകും പ്രതിയായ ആരതിയും തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ തർക്കങ്ങളും പ്രശ്നങ്ങളുമാണ് ബൈക്ക് കത്തിക്കുന്നതിലേക്ക് നയിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അഞ്ചൽ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻ വിവേകിന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് കഴിഞ്ഞ ദിവസം രാത്രിയിൽ യുവതികൾ ചേർന്ന് പെട്രോളൊഴിച്ച് കത്തിച്ചത്. ബൈക്കിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വിവേകും മാതാപിതാക്കളും ഓടി പുറത്തിറങ്ങിയെങ്കിലും പ്രതികളെ ആരെയും പരിസരത്ത് കണ്ടെത്താനായിരുന്നില്ല. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ വലിയ രീതിയിൽ ശ്രമിച്ചിരുന്നു. ഇതിനായി വിവേകിന്റെ വീടിന്റെ പരിസരത്ത് ഒരു വ്യാജ ഭീഷണിക്കത്തും ഉപേക്ഷിച്ചാണ് മുങ്ങിയത്.
സംഭവ സ്ഥലത്തിന് സമീപത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയമായി പരിശോധിച്ചതോടെയാണ് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ യുവതികളുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ സൈബർ സെൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ആരതിയിലേക്കും ഗായത്രിയിലേക്കും പൊലീസ് എത്തിയത്. വ്യക്തിവൈരാഗ്യം മറച്ചുവെക്കാനും പൊലീസിന്റെ അന്വേഷണം വഴിതിരിച്ചുവിടാനുമാണ് പ്രതികൾ കള്ളക്കത്തുണ്ടാക്കി രാഷ്ട്രീയ നാടകം കളിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. കേസിൽ കൂടുതൽ ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം അഞ്ചൽ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പൊലീസ് കസ്റ്റഡിയിലായതിന് പിന്നാലെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ മുഖ്യപ്രതി ആരതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
