ഒരു ഡസനോളം രാഷ്ട്രീയബന്ധമുള്ള കേസുകളാണ് പ്രത്യേക സംഘങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത് !
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രത്യേക അന്വേഷണ സംഘങ്ങൾ പ്രവർത്തിക്കുന്ന കാലം ഇതായിരിക്കും. ആ കേസുകളിൽ ബഹുഭൂരിപക്ഷവും മുൻ സിപിഐഎം സർക്കാരിനേയും നേതാക്കളേയും ലക്ഷ്യമിട്ടുള്ളവയാണ്. സിഎംആർഎൽ-എക്സാലോജിക് കേസ് രണ്ട് പ്രത്യേക സംഘങ്ങളാണ് അന്വേഷിക്കുന്നത്. പിണറായി വിജയൻ പ്രതിയായ സിഎംആർഎൽ എക്സാലോജിക് കേസും മുഹമ്മദ് റിയാസ് പ്രതിയായ ഹവാല കേസുമാണ് രണ്ടു സംഘങ്ങൾ അന്വേഷിക്കുന്നത്. ഇഡിയെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചെന്ന കേസും എസ്ഐടിയാണ് അന്വേഷിക്കുന്നത്. പി എസ് സി പരീക്ഷാ ക്രമക്കേട് ഐജി അജിതാ ബീഗത്തിൻറെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു. മെസിയെ കൊണ്ടുവരാനെന്നു പറഞ്ഞു നടന്ന ഇടപാടുകൾ അന്വേഷിക്കുന്നതും എസ്ഐടിയാണ്. കിഫ്ബി ക്രമക്കേടുകൾ അന്വേഷിക്കാനും പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ എസ്ഐടി നേരത്തെ തന്നെ അന്വേഷണം തുടങ്ങി. പി പി ദിവ്യക്കെതിരായ ബെനാമി ആരോപണം വിജിലൻസിൻറെ പ്രത്യേകസംഘം വേറെ അന്വേഷിക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസും പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ഇഡിയെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചെന്ന കേസും പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘങ്ങൾ ശബരിമല സ്വർണക്കൊള്ളയൊക്കെ അന്വേഷിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.
സിഎംആർഎൽ കേസുകൾ
സിഎംആർഎൽ എക്സാലോജിക് കേസിലും ഹവാല ഇടപാടിലും തൽക്കാലത്തേക്ക് അന്വേഷണം നിലച്ചിരിക്കുകയാണ്. ഹൈക്കോടതി എഫ്ഐആർ തടഞ്ഞിട്ടില്ലെങ്കിലും കേസ് ഇപ്പോൾ അന്വേഷിക്കുന്നില്ല. കോടതിയുടെ അടുത്ത തീരുമാനം വന്ന ശേഷമായിരിക്കും തുടരന്വേഷണം. സിഎംആർഎൽ-ൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനുള്ള കൈക്കൂലി മകളുടെ കമ്പനിയിലേക്ക് മാസംതോറും നൽകി എന്നാണ് ഒന്നാമത്തെ കേസ്. ഈ കേസിൽ വീണ ഇടനിലക്കാരി മാത്രമാണ്. മകളുടെ പേരിൽ അന്നത്തെ മുഖ്യമന്ത്രി പണം സമ്പാദിച്ചു എന്നാണ് ഇഡി പൊലീസിന് എഴുതി നൽകിയിരിക്കുന്നത്. ഇതാണ് ഒന്നാമത്തെ സംഘം അന്വേഷിക്കുന്നത്.
മുഹമ്മദ് റിയാസ് സമ്പാദിച്ച അഴിമതിപ്പണം ഹവാലയായി വിദേശത്തേക്കു കടത്തി എന്നാണ് രണ്ടാമത്തെ കേസ്. ഇതിൽ മുഹമ്മദ് റിയാസും വീണയും റിയാസിൻറെ സുഹൃത്തുക്കളുമാണ് പ്രതികൾ. പണം അയച്ചതിൻറേയോ സ്വീകരിച്ചതിൻറേയോ രേഖകൾ ഇ ഡിക്ക് ലഭിച്ചിട്ടില്ല. വീണയുടെ ഡയറിയിൽ എഴുതിയിരുന്ന കണക്കുകൾ ഇങ്ങനെ പണം അയച്ചതിൻറെയാണെന്നാണ് ഇഡി പറയുന്നത്. ഈ കേസും പ്രത്യേക സംഘം തന്നെയാണ് അന്വേഷിക്കുന്നത്. രണ്ടു കേസിലേയും മേൽനോട്ടം ഡിഐജി തോംസൺ ജോസിനാണ്.
ചലനങ്ങളുണ്ടാക്കുന്ന പിഎസ് സി അന്വേഷണം
പി എസ് സി പരീക്ഷാ ക്രമക്കേടിൽ അജിതാ ബീഗത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണമാണ് ഇപ്പോൾ ഏറെ ചലനങ്ങളുണ്ടാക്കുന്നത്. പി എസ് സി ചെയർമാനെയും അംഗങ്ങളേയും ഒരു വട്ടം ചോദ്യം ചെയ്തുകഴിഞ്ഞു. രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ഇത് ആസൂത്രണ ബോർഡിലേക്ക് നടത്തിയ റിക്രൂട്ട്മെൻറിലാണ്. മുൻ ചെയർമാൻ എം കെ സക്കീറിനെ പ്രതിയാക്കാനും നീക്കം നടക്കുന്നുണ്ട്. അത് ഖാദി ബോർഡ് നിയമന കേസിലാണ്. രണ്ട് ചെയർമാൻമാരും പിണറായി വിജയൻ സർക്കാരിൻറെ കാലത്ത് നിയമിതരായവരാണ്. എം കെ സക്കീർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥിയുമായിരുന്നു.
ഇതിനിടെ ഇഡിയെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചു എന്ന കേസിലും പ്രത്യേക സംഘത്തിൻറെ അന്വേഷണം നടക്കുന്നുണ്ട്. തിരുവനന്തപുരത്തെ സിപിഐഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ. മെസിയെ കൊണ്ടുവരാനെന്നു പറഞ്ഞു നടത്തിയ ഇടപാടുകളും പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. മെസിയെ കൊണ്ടുവരാനായി പണം കൈമാറിയ ശേഷം നികുതി അടയ്ക്കാത്തതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ നികുതി വകുപ്പിലെ പ്രത്യേകസംഘം അന്വേഷിച്ചു റിപ്പോർട്ട് നൽകിയിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് കമ്പനിയിലും ഉടമകളുടെ വസതികളിലും റെയ്ഡ് നടത്തിയിരുന്നു.
കിഫ്ബി ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് കിഫ്ബിക്കെതിരേയുള്ളത്. കണ്ണൂരും പാലക്കാട്ടുമായി ആയിരക്കണക്കിന് ഏക്കർ സ്ഥലം വാങ്ങിക്കൂട്ടിയതും വിവിധ പദ്ധതികളുടെ നടത്തിപ്പുമെല്ലാം അന്വേഷിക്കുന്നുണ്ട്. ഒരു ലക്ഷം കോടിയിലേറെ രൂപയുടെ പദ്ധതികൾ പാസാക്കുകയും അതിൻറെ പകുതിയിൽ നിർമാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതികളെല്ലാം അന്വേഷണ പരിധിയിൽ വന്നാൽ ബൃഹത്തായ കേസായി ഇതു മാറും. കിഫ്ബിയിൽ നിന്ന് ഊരാളുങ്കലിന് കൈമാറിയ പദ്ധതികളെക്കുറിച്ചും പ്രത്യേക അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. 5777 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയിൽ നിന്ന് ഊരാളുങ്കലിന് ലഭിച്ചിട്ടുള്ളത്.
നവീൻ ബാബു കേസ്
കണ്ണൂരിൽ നവീൻ ബാബു ജീവനൊടുക്കിയ കേസും പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കുടുംബത്തിൻറെ പരാതിയിലാണ് പ്രത്യേക അന്വേഷണം നടക്കുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്തിൻറെ മുൻ പ്രസിഡൻറ് പി പി ദിവ്യ ബെനാമിയായി സ്ഥാപനം നടത്തിയതിനെക്കുറിച്ചും പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. കാർട്ടൺ ഇന്ത്യ എന്ന കമ്പനി പി പി ദിവ്യയുടേതാണെന്ന് കെ എസ് യു വൈസ് പ്രസിഡൻറ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് വിജിലൻസ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. വിജിലൻസ് ഇതിൽ ചില നിർണായക ഫയലുകൾ പിടിച്ചെടുത്തുകഴിഞ്ഞു എന്നാണ് റിപ്പോർട്ട്. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്ന് ഈ കമ്പനിക്ക് 12 കോടിയലധികം രൂപയുടെ കരാറുകൾ കിട്ടി എന്നാണ് കണ്ടെത്തൽ. വിജിലൻസ് ഉത്തരമേഖലാ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാൻ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവവും പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. കേസിൽ പ്രതികളായ ഗൺമാൻമാർ ഇപ്പോൾ സസ്പെൻഷനിലാണ്. ആരോഗ്യമന്ത്രിയായിരുന്ന വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ് ഇപ്പോൾ വഴിത്തിരിവിലാണ്. ആക്രമിച്ചെന്ന കേസ് നിലിനിൽക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകി. വീണയുടെ ഗൺമാൻ മൊഴിമാറ്റിയതോടെയാണ് കേസ് തിരിഞ്ഞത്. അന്നത്തെ വനിതാ എസ് ഐയും മൊഴി മാറ്റി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ മുൻ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘങ്ങൾ വിവിധ കേസുകൾ ഇപ്പോഴും അന്വേഷിക്കുന്നുണ്ട്. രാഷ്ട്രീയ ബന്ധം കാര്യമായില്ലാത്ത കോവളം സ്പാ പീഡനകേസും കൊല്ലത്തെ കളളനോട്ട് കേസും പ്രത്യേക സംഘങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
