കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്ന് കാർട്ടൺ ഇന്ത്യ കമ്പനി ഏറ്റെടുത്ത് നടപ്പാക്കിയ പദ്ധതികളുടെ ഫയലുകൾ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തു. 12 കോടിയിലേറെ രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് പിടിച്ചെടുത്തത്. കരാർ സംബന്ധിച്ച രേഖകളും കസ്റ്റഡിയിലെടുത്തതായാണ് വിവരം.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ കാർട്ടൺ ഇന്ത്യയ്ക്ക് കരാറുകൾ നൽകിയതിൽ അഴിമതിയുണ്ടെന്ന പരാതിയിലാണ് അന്വേഷണം. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. കാർട്ടൺ ഇന്ത്യ ദിവ്യയുടെ ബിനാമി കമ്പനിയാണെന്നും പരാതിയിൽ ആരോപിക്കുന്നു.
പദ്ധതികളുടെ കരാർ നടപടികളിൽ ചട്ടലംഘനമുണ്ടായോ, സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നതിലാണ് വിജിലൻസ് പരിശോധന. കാർട്ടൺ ഇന്ത്യയ്ക്ക് കരാറുകൾ ലഭിച്ചത് പൊതുമേഖലാ സ്ഥാപനമായ സിൽക്ക് മുഖേനയായതിനാൽ അന്വേഷണം സിൽക്കിലേക്കും വ്യാപിപ്പിക്കും. സിൽക്കുമായി ബന്ധപ്പെട്ട രേഖകളും വിജിലൻസ് പരിശോധിക്കും. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്ത് വിവരങ്ങളും അന്വേഷണ പരിധിയിലുണ്ട്. പരാതിക്കാരനായ മുഹമ്മദ് ഷമ്മാസിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർനടപടികൾ. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക.
