കോട്ടയത്ത് KSEB താത്കാലിക ജീവനക്കാരനായ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചെന്ന് പരാതി. പൂഞ്ഞാർ പെരിങ്ങളം സ്വദേശി പി ആർ അഭിലാഷിനാണ് മർദ്ദനമേറ്റത്. സ്വകാര്യ വാഹത്തിൽ എത്തിയ പൊലീസ് സംഘം അടിവസ്ത്രം ഇടാൻ പോലും സമ്മതിക്കാതെ പിടികൂടിയെന്നും വാഹനത്തിൽ വെച്ച് ക്രൂരമായി മർദിച്ചെന്നും പരാതിയിലുണ്ട്. മർദിച്ചിട്ടില്ലെന്ന് പോലീസും വിശദീകരിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം. പെരിങ്ങളം ഭാഗത്ത് വൈദ്യുതി കമ്പി മോഷ്ടിക്കപ്പെട്ടെന്ന പരാതിയിലാണ് സ്വകാര്യ വാഹനത്തിൽ മഫ്തിയിലെത്തിയ പോലീസ് സംഘം അഭിലാഷിന്റെ വീട്ടിലെത്തിയത്. KSEB താത്കാലിക ജീവനക്കാരനായ അഭിലാഷിനെ ബലമായി കസ്റ്റഡിയിലെടുത്തു. അടിവസ്ത്രം ഇടാൻ പോലും സമ്മതിച്ചില്ലെന്നും ഇന്നോവ കാറിൽ കൊണ്ട് പോകവേ വാഹനത്തിനുള്ളിൽ വെച്ച് മർദിച്ചെന്നും പരാതിപ്പെട്ടു.
മുഖത്തും കാലിലും പരുക്കേറ്റ അഭിലാഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബം ആഭ്യന്തരമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും മനുഷ്യവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. കസ്റ്റഡി മർദന പരാതി പൊലീസ് പൂർണമായി തള്ളി. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് അഭിലാഷ് മദ്യലഹരിയിലായിരുന്നുവെന്നും പരാക്രമം കാണിച്ച സമയത്ത് പരുക്കേറ്റതാകാമെന്നുമാണ് പാലാ DYSP യുടെ വിശദീകരണം
എന്നാൽ മോഷണപരാതിയിൽ അഭിലാഷിനെതിരെ തെളിവുണ്ടോ എന്ന ചോദ്യത്തിനും സംശയത്തിന്റെ പേരിൽ ഇത്ര കായികമായി കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമെന്തെന്ന ചോദ്യത്തിനും പൊലീസ് മറുപടി നൽകിയില്ല. അതേസമയം പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു ആദിവാസി സംഘടനകൾ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
