2010 ൽ നടന്ന സബ് ഇൻസ്പെക്ടർ പരീക്ഷ അന്വേഷിക്കണമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കൊല്ലം മുണ്ടക്കൽ സ്വദേശിയായ വി ലിജികുമാറിന്റെ പരാതിയിലാണ് അന്വേഷണം നടത്തുക.
പിഎസ്സി ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം തന്നെയാണ് പുതിയ കേസും അന്വേഷിക്കുക. 16 വർഷം മുൻപ് നടന്ന സബ് ഇൻസ്പെക്ടർ പരീക്ഷയിൽ അട്ടിമറിയുണ്ടെന്നാണ് പുതിയ പരാതി. കൊല്ലം മുണ്ടക്കൽ സ്വദേശിയായ വി.ലിജി കുമാർ ആഭ്യന്തര വകുപ്പിനാണ് പരാതി നൽകിയത്. പരാതി ഐ.ജി അജിതാബീഗത്തിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിന് ആഭ്യന്തര വകുപ്പ് കൈമാറി. ലിജികുമാറും മറ്റു മൂന്നുപേരും പരീക്ഷയിൽ ഒരുപോലെ 46 മാർക്ക് നേടിയിരുന്നു. കായിക ക്ഷമത പരീക്ഷയുടെ ഷോർട്ട് ലിസ്റ്റിൽ പ്രായത്തിന് മൂത്ത തന്നെ ഒഴിവാക്കിയെന്നാണ് ലിജികുമാറിന്റെ പരാതി. വിവരാവകാശ നിയമപ്രകാരവും പി.എസ്.സി അധികൃതർ തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ചു എന്നും പരാതിയുണ്ട്. പി.എസ്.സിയിലെ മറ്റ് പരീക്ഷാക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഓരോ കേസുകളും പ്രത്യേകം പ്രത്യേകമായാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. 16 വർഷം മുമ്പുള്ള പരീക്ഷയായതിനാൽ ഇതിൽ വിവരശേഖരണവും പ്രയാസമാകും.
