ആലപ്പുഴ ചാരുംമൂട് ഇടക്കുന്നത്ത് അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു. ചാരുംമൂട് സ്വദേശി ജയകുമാരിയെയാണ് മകളുടെ ഭർത്താവ് ജോജി ജോസഫ് കുത്തിക്കൊന്നത്. മകൾ അർച്ചനയെ കുത്താനുള്ള ശ്രമം തടയുന്നതിനിടെ ആയിരുന്നു അമ്മയ്ക്ക് കുത്തേറ്റത്. സംഭവശേഷം പ്രതി ഒളിവിൽ പോയി.
ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് വീടിൻറെ വാതിൽ ചവിട്ടി തുറന്നശേഷം ജോജി ജോസഫ് വീട്ടിനുള്ളിൽ കയറി കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ജയകുമാരിയുടെ മകൾ അർച്ചനയെ കുത്താൻ ശ്രമിക്കുന്നതിനിടെ അമ്മ ജയകുമാരി തടയുകയായിരുന്നു. ഇതിനിടെയാണ് ജയകുമാരിക്ക് കുത്തേറ്റത്. കുത്തേറ്റ ശേഷം ജയകുമാരി വീടിന് പുറത്തേക്ക് ഓടുകയും അടുത്ത വീടിൻറെ മുറ്റത്ത് കുഴഞ്ഞു വീഴുകയുമായിരുന്നു. ഇതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ജയകുമാരി മരിക്കുകയും ചെയ്തു. നേരത്തെ തന്നെ പ്രതി കൊലപാതക ഭീഷണി മുഴക്കിയിരുന്നുവെന്നും പരാതി നൽകിയിട്ടും നൂറനാട് പോലീസ് കൃത്യമായി ഇടപെടാതിരുന്നതാണ് കൊലപാതകം നടത്താൻ ഇടയാക്കിയതെന്നുമാണ് പരാതി. ഒളിവിൽ പോയ പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാണെന്ന് നൂറനാട് പോലീസ് പറഞ്ഞു.
