എഴുത്ത് : പി അനൂപ്
ഇ പി ജയരാജൻറെ സഹോദരിയുടെ മകൻ ഉന്നയിച്ച ആരോപണങ്ങൾ മറ്റൊരു സാമ്പത്തിക തട്ടിപ്പിൻറെ വിവരങ്ങളോ?
ഇ പി ജയരാജൻറെ സഹോദരിയുടെ മകൻ ശ്യാംജിത്ത് ഫേസ് ബുക്കിൽ ഒരു കുറിപ്പെഴുതി. ഒപ്പം ഒരു ഫോട്ടോയും. ചില ആളുകളുടെ പേരും അവയ്ക്കു നേരെ അക്കങ്ങളും ഉള്ളതാണ് പേജ്. അത് ഇ പി ജയരാജനുമായി ബന്ധപ്പെട്ട് വിവാദത്തിലായ വൈദേകം റിസോർട്ടിലേക്കു കിട്ടിയ നിക്ഷേപങ്ങൾ ആണെന്നാണ് ശ്യാം ജിത്ത് എഴുതിയത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ കയ്യിൽ നിന്ന് ഇ പി ജയരാജൻറെ ഭാര്യ പി കെ ഇന്ദിര കൈപ്പറ്റിയ പണമാണ് കണ്ണൂർ ആയുർവേദിക് വെൽനെസ് റിസോർട്ടിൽ ഉള്ളത് എന്നാണ് ശ്യാംജിത്ത് എഴുതിയത്. പ്രേംകുമാർ ഒൻപതു കോടിയും സോജൻ വെട്ടുകാട്ട് ഏഴുകോടിയും ജീവൻ ജ്യോതി 50 ലക്ഷവും പ്രശാന്ത് രണ്ടു കോടിയും നിക്ഷേപിച്ചു എന്നാണ് ശ്യാംജിത്ത് എഴുതിയത്. പ്രസിദ്ധീകരിച്ച ഉടൻ തന്നെ വലിയ ചർച്ചയായതോടെ പോസ്റ്റ് പിൻവലിച്ചു.
ശശിധരൻ കർത്തയുടെ കമ്പനിയിൽ നിന്ന് പിണറായി വിജയൻറെ മകൾക്കും മകളുടെ കമ്പനിക്കും കിട്ടിയ തുകയുടെ പേരിൽ ഇഡി അന്വേഷണം നടക്കുന്നതിനിടെയാണ് ഇ പി ജയരാജൻറെ മരുമകൻ തന്നെ വെടി പൊട്ടിച്ചത്. ഭാര്യ വിരമിച്ചപ്പോൾ കിട്ടിയ തുകയാണ് വൈദേകത്തിൽ നിക്ഷേപിച്ചതെന്നും വിവാദമായതോടെ അതു പിൻവലിച്ചു എന്നുമാണ് ജയരാജൻ പറഞ്ഞത്. ആന്തൂർ നഗരസഭയിൽ ഈ റിസോർട്ടിൻറെ നിർമ്മാണം തന്നെ വലിയ വിവാദമായിരുന്നു. നഗരസഭയുടെ അനുമതി കിട്ടാതെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തപ്പോൾ തന്നെയാണ് വലിയ തോതിൽ മണ്ണിടിച്ച് പണിയുന്ന ആയുർവേദ റിസോർട്ടിന് അനുമതി കൊടുത്തത് എന്നായിരുന്നു വിവാദം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ ഭാര്യ പി കെ ശ്യാമളയായിരുന്നു അന്നു നഗരസഭ ചെയർപഴ്സൺ. വൈദേകം റിസോർട്ട് വിവാദമായപ്പോൾ തനിക്ക് നേരിട്ട് ബന്ധമില്ല എന്നായിരുന്നു ഇ പി ജയരാജൻ പറഞ്ഞിരുന്നത്. പിന്നീടാണ് ഭാര്യ വിരമിച്ചപ്പോൾ തുക നിക്ഷേപിച്ചു എന്ന് സമ്മതിച്ചത്. ജയരാജൻറെ മകനായിരുന്നു റിസോർട്ടിൻറെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. മകനും റിസോർട്ടുമായി ബന്ധമില്ലെന്നായിരുന്നു ജയരാജൻ പറഞ്ഞുകൊണ്ടിരുന്നത്.
സിപിഐഎമ്മിൻറെ ആഭ്യന്തര കലഹവും അന്നത്തെ വിവാദങ്ങൾക്കു കാരണമായി പറഞ്ഞിരുന്നു. ഇ പി ജയരാജനെതിരെ പാർട്ടിക്ക് പരാതി നൽകിയത് പി ജയരാജനാണ് എന്നായിരുന്നു ആരോപണം. പാർട്ടിയുടെ ആഭ്യന്തര രഹസ്യമായി അതു തുടർന്നെങ്കിലും പരാതി പറഞ്ഞോ എന്ന കാര്യം പി ജയരാജൻ നിഷേധിച്ചില്ല. ഇഷ്ടജന നിയമന വിവാദത്തിൽ മന്ത്രിസ്ഥാനം പോവുകയും തിരികെ വരികയും ചെയ്ത കാലത്തിനിടയ്ക്കാണ് വൈദേകം റിസോർട്ടിലെ നിക്ഷേപവും വിവാദമായത്. വൈദേകം റിസോർട്ട് പിന്നീട് കൈമാറുകയും ചെയ്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻറെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റർ ക്യാപിറ്റലിനു കീഴിലെ നിരാമയ റിട്രീറ്റാണ് റിസോർട് ഏറ്റെടുത്തത്. ആ കൈമാറ്റവും ഏറെ വിവാദ ചർച്ചയായിരുന്നു.
ശ്യാം ജിത്തിൻറെ വെളിപ്പെടുത്തലിലെ പേരുകൾ മാത്രമല്ല ജയരാജൻറെ കയ്യക്ഷരത്തിലുള്ളത് എന്ന് അവകാശപ്പെടുന്ന ഡയറിയുടെ പേജും വരും ദിവസങ്ങളിലും ചർച്ചകളിൽ നിറയും. വിവിധ ആളുകൾ നൽകിയ പണത്തിൻറെ വിവരങ്ങളാണ് ഈ കുറിപ്പിൽ ഉണ്ടായിരുന്നത്. വൈദേകം റിസോർട് ഇതോടെ വീണ്ടും വിവാദങ്ങളിൽ നിറയുകയാണ്. വൈദേകത്തെക്കുറിച്ച് ഒരധ്യായം തന്നെ ജയരാജൻ ആത്മകഥയിൽ എഴുതിയിരുന്നു. എല്ലാക്കാലത്തും ജയരാജൻറെ പേരുകൾ ഇങ്ങനെ വിവാദങ്ങളിൽ എത്താറുണ്ട്. സാൻറിയാഗോ മാർട്ടിൻ, ദല്ലാൾ നന്ദകുമാർ, കരുവന്നൂർ ബാങ്ക് പ്രതി സതീഷ് കുമാർ എന്നിവരുമായുള്ള ബന്ധങ്ങളൊക്കെ വലിയ വിവാദമായിട്ടുണ്ട്. അതെല്ലാം രാഷ്ട്രീയ ജീവിതത്തിൽ ജയരാജന് തിരിച്ചടികളും നൽകിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം ഇ പി ജയരാജൻ വാർത്തയിൽ വന്നത് പ്രകാശ് ജാവദേക്കറെ കണ്ട കാര്യം സമ്മതിച്ചതോടെയാണ്. സിപിഐഎമ്മിന് ആ തെരഞ്ഞെടുപ്പ് ദിവസം കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം കെ കെ രമയെ കാണാൻ വി എസ് പോയതുപോലുള്ള തിരിച്ചടി. സമാനമാണ് ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് ദിവസം വന്ന ആത്മകഥയെക്കുറിച്ചുള്ള വാർത്തയും. കർത്തയുടെ പണത്തിൻറെ പേരിൽ സിപിഐഎം വലിയ രീതിയിൽ പ്രതിരോധത്തിലാകുന്ന സമയമാണിത്. അപ്പോഴാണ് വിവാദത്തിലേക്ക് ഇ പി ജയരാജനെ മരുമകൻ എടുത്തിടുന്നത്.
