മറ്റ് പെൺകുട്ടികൾക്കും പ്രതിയിൽ നിന്ന് ദുരനുഭവമുണ്ടായെന്ന് യുവതി വെളിപ്പെടുത്തി. വീഡിയോ കോളിൽ മുഖത്തുനോക്കി സംസാരിക്കണമെന്ന് ആവശ്യപ്പെടും. പരോക്ഷമായി മോശം കാര്യങ്ങൾ പറയുന്നത് ശീലമാണെന്നും യുവതി പറഞ്ഞു.
5 ലക്ഷത്തിലധികം ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ള മതപ്രഭാഷകൻ. സമൂഹമാധ്യമങ്ങളിൽ സ്വയം ഉണ്ടാക്കിയെടുത്ത ഈ പ്രതിശ്ചായയും വിശ്വാസ്യതയും മറയാക്കിയായിരുന്നു മുഹമ്മദ് നിയാസ് ജൗഹറിയുടെ ഇടപാടുകൾ. അതിൻ്റെ ഞെട്ടിപ്പിക്കുന്ന ദുരനുഭവമാണ് കൊല്ലം സ്വദേശിയായ യുവതി ബിഗ് ടിവിയോട് തുറന്നുപറഞ്ഞത്.
പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് അടുപ്പം സ്ഥാപിച്ചാണ് മുഹമ്മദ് നിയാസ് ജൗഹറി ആളുകളെ സമീപിക്കുന്നത്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് സ്വകാര്യ വിവരങ്ങൾ ചോദിച്ചറിയും. ഫോൺ സംഭാഷണങ്ങൾക്കിടെ പലതവണ മോശമായ രീതിയിൽ സംസാരിച്ചതായും യുവതി പറയുന്നു.
പരോക്ഷമായി ലൈംഗിക ചുവയുള്ള പരാമർശങ്ങൾ ആവർത്തിച്ചു. വീഡിയോ കോളിൽ സംസാരിക്കാൻ വിസമ്മതിച്ചപ്പോൾ മോശം പരാമർശങ്ങളുണ്ടായി. പുറത്തുവന്ന ശബ്ദസന്ദേശങ്ങളിൽ കേൾക്കുന്ന പെരുമാറ്റത്തിന് സമാനമായിരുന്നു തന്നോടുള്ള ഇടപെടലെന്നും യുവതി പറയുന്നു. സമാനമായ ദുരനുഭവങ്ങൾ മറ്റ് പെൺകുട്ടികൾക്കും ഉണ്ടായിട്ടുണ്ട്. പുറത്തുപറയാനുള്ള മടിയും ഭയവും കാരണം പലരും നിശ്ശബ്ദരാകുന്നുവെന്ന് യുവതി വ്യക്തമാക്കി. ഓച്ചിറയിലെ മതപാഠശാലയുടെ പേരിൽ നിയാസ് ജൗഹരി വലിയ തോതിൽ പണം പിരിച്ചിരുന്നതായും യുവതി ആരോപിക്കുന്നു. നിയാസ് ജൗഹറിക്കെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് യുവതിയും മുന്നോട്ട് വെക്കുന്നത്.
