സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും പ്രഖ്യാപിച്ച വിലവർധനവ് ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. പാലിന് ലിറ്ററിന് 4 രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. മറ്റ് പാൽ ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില കൂട്ടാനുള്ള നീക്കം നടക്കുന്നുണ്ട്.
ഡബിൾ ടോൺഡ് മിൽക്ക് (മിൽമ സ്മാർട്ട്) 500 മില്ലിക്ക് 27 രൂപയും, ഹോമോജനൈസ്ഡ് ടോൺഡ് മിൽക്ക് 525 മില്ലിക്ക് 30 രൂപയും, മിൽമ പ്രൈഡ് 500 മില്ലിക്ക് 30 രൂപയും, മിൽമ റിച്ച് സ്റ്റാൻഡേർഡ് മിൽക്ക് 500 മില്ലിക്ക് 32 രൂപയുമായി ഉയരും. ഒരു ലിറ്റർ കൗ മിൽക്ക് ബോട്ടിലിന്റെ വില 75 രൂപയായും വർധിപ്പിച്ചിട്ടുണ്ട്.തൈര് ക്ലാസിക് (525 ഗ്രാം) 40 രൂപയ്ക്കും തൈര് എലൈറ്റ് (500 ഗ്രാം) 45 രൂപയ്ക്കുമാണ് ഇനി ലഭിക്കുക. നിലവിൽ വിപണിയിലുള്ള പല കവറുകളിലും പഴയ വിലയാണ് അച്ചടിച്ചിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് മിൽമ അധികൃതർ അറിയിച്ചു.ഏറ്റവും ഒടുവിൽ മിൽമ പാലിന് വില വർധിപ്പിച്ചത് 2022 ഡിസംബർ ഒന്നിനായിരുന്നു. അന്ന് ആറ് രൂപയാണ് ലിറ്ററിന് വർധിപ്പിച്ചത്. ക്ഷീരകർഷകരുടെ ചെലവ് വർധിച്ച സാഹചര്യത്തിലാണ് പാലിന് വില കൂട്ടുന്നതെന്ന് മിൽമ അറിയിച്ചു. പാൽ ലിറ്ററിന് നാല് രൂപ വർധിപ്പിക്കുമ്പോൾ മൊത്തം വർധനയുടെ 83.75% തുക (3.35 രൂപ) കർഷകർക്ക് ലഭിക്കുമെന്ന് മിൽമ വ്യക്തമാക്കി.
