മകളെ പീഡിപ്പിക്കാൻ സൗകര്യമൊരുക്കിയതിന് അമ്മയ്ക്ക് സാമ്പത്തിക നേട്ടമുണ്ടായോ എന്നാണ് അന്വേഷണം. പ്രതി അബ്ദുൽ റഹീമിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.
13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയാണ് രണ്ടാം പ്രതി. വടകരയിലെ മതപണ്ഡിതൻ വഴിയാണ് ഒന്നാം പ്രതി വ്യവസായിയായ അബ്ദുൽ റഹീം പെൺകുട്ടിയുടെ അമ്മയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് മകളെ പീഡിപ്പിക്കാൻ അമ്മ തന്നെ സൗകര്യമൊരുക്കിയെന്നാണ് കേസ്. ഇതിന് പ്രതിയിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. ഇരുവരുടെയും ബാങ്ക് ഇടപാടുകളുടെ രേഖകൾ അന്വേഷണസംഘം ശേഖരിച്ചു.
പെൺകുട്ടിയുടെ വീടിന് പുറമെ വടകര ബാങ്ക് റോഡിലെ പ്രതിയുടെ വീട്ടിലും കാറിൽ വെച്ചും പീഡനം നടന്നതായി മൊഴിയുണ്ട്. പ്രതി ഉപയോഗിച്ചിരുന്ന വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഒരു വാഹനം ഇന്നലെ കണ്ടെടുത്തു. പീഡനസമയത്ത് ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതി സ്ഥിരമായി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളിൽ ഒന്ന് മാത്രമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്.
അതിനിടെ, പെൺകുട്ടിയുടെ അടിവസ്ത്രത്തിൽ കണ്ടെത്തിയ തെളിവുകൾ സ്ഥിരീകരിക്കാനും അന്വേഷണസംഘം നടപടി തുടങ്ങി. ഇതിനായി കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് പ്രതിയുടെ രക്തസാമ്പിൾ ശേഖരിക്കും. നാളെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. സാമ്പത്തിക ഇടപാടുകളും ഫോണും വാഹനങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.
