കൊടുങ്ങല്ലൂർ രജിസ്ട്രേഷൻ ഉള്ള ബോട്ടുകൾ ആലപ്പുഴയിൽ നിയമവിരുദ്ധമായി സർവീസ് നടത്തുന്ന വാർത്ത ബിഗ് ടിവി തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ കൊടുങ്ങല്ലൂർ രജിസ്ട്രേഷൻ ബോട്ടുകൾ ആലപ്പുഴയിൽ നിന്ന് സർവീസ് നടത്തരുതെന്നു മാരി ടൈം ബോർഡ് ഉത്തരവിറക്കിയത്.
സർക്കാരിന് ലക്ഷങ്ങൾ നികുതിയടച്ച് ആലപ്പുഴ പോർട്ടിന് കീഴിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ട് മേഖലയ്ക്ക് ഭീഷണിയായാണ് മറ്റു ജില്ലകളിൽ നിന്നുള്ള നിയമവിരുദ്ധ ബോട്ടുകൾ ആലപ്പുഴയിൽ സർവീസ് നടത്തുന്നത്. കൊടുങ്ങല്ലൂർ രജിസ്ട്രേഷൻ ബോട്ടുകളാണ് ഇത്തരത്തിൽ കൂടുതലായി ആലപ്പുഴയിൽ അനധികൃത സർവീസിന് ചുക്കാൻ പിടിക്കുന്നത്. എന്തെങ്കിലും അപകടം സംഭവിച്ചാൽ യാത്രക്കാർക്ക് പോലും മതിയായ ഇൻഷുറൻസ് ലഭിക്കാത്ത വിധമായിരുന്നു ഇവയുടെ സഞ്ചാരം. ഹൗസ് ബോട്ട് മേഖലയിലെ നിയമവിരുദ്ധ പ്രവണതകൾ ബിഗ് ടിവി വാർത്തയാക്കിയതിനു പിന്നാലെയാണ് ഇപ്പോൾ മാരി ടൈം ബോർഡ് നടപടിക്ക് തുടക്കം കുറിച്ചത്. അന്യ ജില്ലാ ബോട്ടുകൾ ആലപ്പുഴ വിടണമെന്നും അല്ലാത്ത ബോട്ടുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവും മാരീ ടൈം ബോർഡ് പുറത്തിറക്കി.
ഉത്തരവനുസരിച്ച് ജില്ലയിൽ അനധികൃത ബോട്ടുകളുടെ സർവീസ് നടത്തുന്നില്ല എന്നതിൽ ജില്ലാ പോർട്ട് ഓഫീസർ ആണ് നടപടി സ്വീകരിക്കേണ്ടത്. സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടും ദിവസങ്ങളോളം ഈ ഉത്തരവ് പൂഴ്ത്തി വെച്ചതും അനധികൃത ബോട്ടുകാരുടെ കയ്യിൽ നിന്ന് വഴിവിട്ട സഹായങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നതിനാലാണ്. പുതിയ ഉത്തരവനുസരിച്ച് അനധികൃത ബോട്ടുകൾക്കെതിരെ നടപടി സ്വീകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
