ആൺസുഹൃത്തും നടനുമായ ബിബിൻ പെരുമ്പിള്ളിയുമായി ചേർന്ന് നടത്തിയ ആസൂത്രണം ഹണിട്രാപ്പെന്നും സംശയം. ഇരുവരുടെയും ജിം ട്രെയിനറുടെ നേതൃത്വത്തിൽ ഡോക്ടറെ ബന്ദിയാക്കി ആറ് കോടി രൂപയാണ് മോചനത്തിനായി ആവശ്യപ്പെട്ടത്.
കൊച്ചിയിലെ സിനിമ, ക്വട്ടേഷൻ സംഘങ്ങളുടെ അവിഹിതകൂട്ടുക്കെട്ടിന്റെ തുടർച്ചയാണ് യുവഡോക്ടർക്കെതിരായ ആക്രമണമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഹണിട്രാപ്പെന്ന് സംശയിക്കുന്ന സംഭവത്തിന്റെ മുഖ്യസൂത്രധാര അഭിഭാഷകയും യുവ നടിയുമായ അതുല്യ ചന്ദ്രയെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതുല്യയുടെ കുടുംബ ഡോക്ടറാണ് ആക്രമണത്തിനിരയായത്. ഈ പരിചയംവെച്ച് ബന്ധുവിനെ ചികിത്സാക്കാനെന്ന പേരിലാണ് ഡോക്ടറെ അതുല്യ പൊന്നുരുന്നിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുന്നത്. നടൻ ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്തായ കേസിലെ രണ്ടാം പ്രതി ബിബിൻ പെരുമ്പിള്ളിയുടെ കസ്റ്റഡിയിലുള്ളതായിരുന്നു ഫ്ലാറ്റ്. ദുൽഖറിന്റെ നിർമാണ കമ്പനിയിലെ ജീവനക്കാർക്ക് താമസിക്കാനായി എടുത്തതാണ് ഫ്ലാറ്റെന്നാണ് പൊലീസ് നൽകുന്ന സൂചന.
ബന്ധുവിനെ ചികിത്സിക്കാനെത്തിയ ഡോക്ടറെ സ്വീകരിച്ചത് അതുല്യയുടെ നേതൃത്വത്തിൽ പന്ത്രണ്ടംഗ സംഘം. തന്റെ ബന്ധുവിനെ ലഹരി നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണത്തിന്റെ തുടക്കം. പിന്നീട് ഡോക്ടറുടെ രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഇതിൽ നിന്ന് ചില സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും ലഭിച്ചു. ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ അതുല്യയും കൂട്ടരും പണം ആവശ്യപ്പെട്ടുവെന്നാണ് ഡോക്ടറുടെ മൊഴി. ആദ്യം ആറും പിന്നീട് ഒരു കോടി രൂപയും ആവശ്യപ്പെട്ടു. പണം നൽകാനാകില്ലെന്ന് അറിയച്ചതോടെ നേരിട്ടത് ക്രൂരമർദനം. അടിയേറ്റ് ഡോക്ടറുടെ കർണ്ണപുടം തകർന്നു. വാരിയെല്ലുകൾക്ക് ക്ഷതമേറ്റു. മണിക്കൂറുകളോളം ഫ്ലാറ്റിൽ ബന്ദിയാക്കി. ഒടുവിൽ ഒരാഴ്ചയ്ക്കകം 25 ലക്ഷം കൈമാറാമെന്ന് സമ്മതിച്ചതോടെയാണ് മോചിപ്പിച്ചതെന്ന് ഡോക്ടർ മൊഴി നൽകി.
തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയ ഡോക്ടർ കടവന്ത്ര പൊലീസിനെ സമീപിക്കുകയായിരുന്നു. കേസെടുത്ത പൊലീസ് വൈകാതെ അതുല്യയെയും ബിബിനെയും ഡ്രൈവർ വിഷ്ണുവിനെയും അറസ്റ്റ് ചെയ്തു. ലഹരി വിൽപന, ആയുധം കൈവെച്ചതടക്കം എട്ട് കേസുകളിൽ പ്രതിയാണ് വിഷ്ണു. അതുല്യയുടെയും ബിബിന്റെയും സുഹൃത്തായ ജിം ട്രെയിനറാണ് ഡോക്ടറെ ക്രൂരമായി മർദിച്ചത്. ഡോക്ടറുടെ രണ്ട് മൊബൈൽ ഫോണുകളുമായാണ് ജിം ട്രെയ്നർ ഒളിവിൽ പോയത്. ഇയാളടക്കം ഒൻപത് പേരെയാണ് ഇനി പിടികൂടാനുള്ളത്. അറസ്റ്റിലായ അതുല്യയടക്കം മൂന്നുപേർ റിമാൻഡിലാണ്. പ്രതികൾ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.
