സെനറ്റിലേക്കു ജയിച്ച ആദ്യത്തെ മുസ്ലിം എന്ന നിലയിൽ പ്രചാരണത്തിൽ നിരവധി ചോദ്യങ്ങളാണ് ഡോ. അബ്ദുൽ സയ്യിദിന് നേരിടേണ്ടി വന്നത്
അമേരിക്കൻ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുസ്ലിമാണ് ഡോ.അബ്ദുൽ എൽ-സയ്യിദ്. ജനാധിപത്യത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അമേരിക്കയിൽ അങ്ങനെയൊരു അവസരംകിട്ടുന്ന ആദ്യത്തെ ആൾ എന്നു മാത്രമല്ല ഡോ.അബ്ദുൽ സയ്യിദിൻറെ പ്രത്യേകത. അറബ് ഈജിപ്ഷ്യൻ വംശജനായ ഒരാൾ അമേരിക്കൻ സെനറ്റിലെത്തുന്നതും ആദ്യമാണ്. മുസ്ലിം മതവിശ്വാസി എന്ന നിലയിൽ വലിയ തോതിലുള്ള ആക്രമണം നേരിട്ടായിരുന്നു പ്രചാരണം.
എന്തുകൊണ്ട് ഡോ. അബ്ദുൽ സയ്യിദ് എന്ന ചോദ്യത്തിന് ആ നിലപാടുകൾ തന്നെയാണ് ഉത്തരം. മിഷിഗണിലെ കാരോയിൽ നടന്ന ഒരു ടൗൺഹാൾ പരിപാടിക്കിടെ നേരിട്ട ചോദ്യവും അതിന് നൽകിയ മറുപടിയും ഇപ്പോൾ ലോകമെങ്ങും കണ്ടുകൊണ്ടിരിക്കുകയാണ്. അതിൻറെ പൂർണ രൂപം എല്ലാവരും വായിച്ചിരിക്കേണ്ടതാണ്.
സദസ്സിലുണ്ടായിരുന്നയാൾ (ടോമി): “എനിക്ക് ഒരു ലളിതമായ ചോദ്യമേ ചോദിക്കാനുള്ളൂ: നിങ്ങൾ ‘മുസ്ലിം ബ്രദർഹുഡ്’ എന്ന സംഘടനയെ തള്ളിപ്പറയുമോ?”
ഡോ. അബ്ദുൽ സയ്യിദ്: “തീർച്ചയായും. അതെ, നിസ്സംശയം ഞാൻ തള്ളിപ്പറയുന്നു. എന്നാൽ നിങ്ങൾ ചോദിച്ച ഈ ചോദ്യത്തോട് എനിക്കൊരു കാര്യം തിരിച്ചു ചോദിക്കാനുണ്ട്: നിങ്ങളെന്തിനാണ് എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?”
ടോമി: “കാരണം, അതൊരു തീവ്രവാദ സംഘടനയാണ്.”
ഡോ. അബ്ദുൽ സയ്യിദ്: “ശരിയാണ്. അല്ല, അതല്ല ഞാൻ ഉദ്ദേശിച്ചത്. നിങ്ങളുടെ ചോദ്യത്തിന്റെ പിന്നിലുള്ള ധ്വനി എന്താണ്? ഞാൻ അതിനെ തള്ളിപ്പറയില്ല എന്ന് നിങ്ങൾ മുൻകൂട്ടി അനുമാനിക്കുകയാണോ?”
ടോമി: “അതെ.”
ഡോ. അബ്ദുൽ സയ്യിദ്: “എന്തുകൊണ്ട്?”
ടോമി: “കാരണം, നിങ്ങൾ ഇതുവരെ അവരെ തള്ളിപ്പറയുന്നത് ഞാൻ കേട്ടിട്ടില്ല.”
ഡോ. അബ്ദുൽ സയ്യിദ്: “നിങ്ങൾ അവരെ തള്ളിപ്പറഞ്ഞിട്ടുണ്ടോ? നിങ്ങളും അവരെ തള്ളിപ്പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ലല്ലോ.”
ടോമി:” ഞാൻ തള്ളിപ്പറയുന്നു.”
ഡോ. അബ്ദുൽ സയ്യിദ്: “അങ്ങനെയോ? വളരെ നല്ലത്. പക്ഷേ ഇതിലെ യാഥാർത്ഥ്യം എന്തെന്നാൽ, എനിക്ക് ഇരട്ട കൂറ് (dual loyalty) ഉണ്ടാകും എന്ന് ഉള്ളിൽ ഉറപ്പിച്ചു വെച്ചുകൊണ്ടാണ് നിങ്ങൾ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്, ശരിയല്ലേ? ഓരോ പൗരന്റെയും അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഉറച്ചു പോരാടുന്ന ഒരാളെന്ന നിലയിൽ, എനിക്ക് രാജ്യത്തോട് ഇരട്ട കൂറുണ്ടെന്ന് കരുതുന്നത് എത്ര അസംബന്ധമായ കാര്യമാണ്…
പ്രസിഡന്റ് ജോൺ എഫ്. കെന്നഡി അന്ന് പറഞ്ഞ ഒരു പ്രശസ്തമായ വാചകമുണ്ട്: ‘ഒരു കത്തോലിക്കാ പ്രസിഡന്റ് ആകാനല്ല ഞാൻ മത്സരിക്കുന്നത്; ഞാൻ പ്രസിഡന്റാകാൻ മത്സരിക്കുന്നു, യാദൃശ്ചികമായി ഞാൻ ഒരു കത്തോലിക്കനായി ജനിച്ചു അത്രമാത്രം.’ അതുപോലെ, ഒരു മുസ്ലിം സെനറ്റർ ആകാനല്ല ഞാൻ മത്സരിക്കുന്നത്. ഞാൻ യു.എസ്. സെനറ്റിലേക്ക് മത്സരിക്കുന്നു, ഞാൻ ഒരു മുസ്ലിമായി ജീവിക്കുന്നു, അത്രമാത്രം. ഏത് വിശ്വാസമാണ് നിങ്ങൾ പിന്തുടരേണ്ടതെന്നോ പിന്തുടരരുതെന്നോ ഞാൻ നിങ്ങളോട് ഒരിക്കലും പറയില്ല. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ നിങ്ങളുടെ മതം ആചരിക്കാനുള്ള നിങ്ങളുടെ അവകാശത്തെ സംരക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇവിടുത്തെ ഒരേയൊരു പ്രശ്നം, എനിക്കിഷ്ടമുള്ള രീതിയിൽ എന്റെ വിശ്വാസം അനുഷ്ഠിക്കാനുള്ള എന്റെ അവകാശത്തെ സംരക്ഷിക്കാൻ നിങ്ങൾ തയ്യാറല്ല എന്ന് തോന്നുന്നു എന്നതാണ്.”
അമേരിക്കൻ നിയമങ്ങളിലേക്ക് മതപരമായ കൽപ്പനകൾ കടത്തിവിടുന്നതിനെ നിങ്ങൾ തള്ളിപ്പറയുമോ?
ടോമി: ഇല്ല
ഡോ. അബ്ദുൽ സയ്യിദ് : അങ്ങനെയെങ്കിൽ, യഥാർത്ഥത്തിൽ ഇവിടുത്തെ ഭരണഘടന എന്താണെന്ന് മനസ്സിലാക്കേണ്ടത് ഞാനല്ല, നിങ്ങളാണ്.”
ഡോ. അബ്ദുൽ സയ്യിദിൻറെ ഈ സംഭാഷണമാണ് ഇപ്പോൾ ലോകമെങ്ങും വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു മുസ്ലിം നേരിടുന്ന ചോദ്യങ്ങളെന്താണെന്നു പറയുകയാണ് ഡോ. അബ്ദുൽ സയ്യിദ്. അവയ്ക്കുള്ള മറുപടിയുമാണ് ഡോ. അബ്ദുൽ ഇവിടെ വ്യക്തമാക്കിയത്.
1984 ഒക്ടോബർ 31ന് ആണ് ഡോ. അബ്ദുൽ എൽ-സയ്യിദ് ജനിച്ചത്. മാതാപിതാക്കളായ മുഹമ്മദ് എൽ-സയ്യിദും ഫാറ്റൻ എൽ-കോമിയും ഈജിപ്തിലാണ് ജനിച്ചത്. എൻജിനീയറിംഗ് ഉപരിപഠനത്തിനും വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്.ഡി നേടുന്നതിനുമായാണ് പിതാവ് യു.എസിലേക്ക് കുടിയേറിയത്. മാതാവ് ഒരു നഴ്സായി ദീർഘകാലം ജോലി ചെയ്തു. ഡോ.അബ്ദുൽ എൽ സയ്യിദ് ജനിച്ചത് മിഷിഗണിലാണ്. മൂന്ന് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി. തുടർന്ന് പിതാവിനൊപ്പവും എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചിരുന്ന രണ്ടാനമ്മ ജാക്വലിൻ എൽ-സയ്യിദിനൊപ്പവുമാണ് അദ്ദേഹം മിഷിഗണിൽ വളർന്നത്. ജാക്വലിന്റെ കുടുംബം തലമുറകളായി മിഷിഗണിൽ സ്ഥിരതാമസമാക്കിയവരാണ്.
2007-ൽ യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ, ആൻ ആർബറിൽ നിന്ന് ബയോളജിയിലും പൊളിറ്റിക്കൽ സയൻസിലും ഉന്നതവിജയത്തോടെ ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി. പ്രശസ്തമായ റോഡ്സ് സ്കോളർഷിപ്പ് നേടി. 2011-ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഓറിയൽ കോളേജിൽ നിന്ന് പബ്ലിക് ഹെൽത്തിൽ ഡോക്ടറേറ്റ്. ‘പോൾ & ഡെയ്സി സോറോസ് ഫെലോഷിപ്പ്’ ലഭിച്ചതോടെ, 2014-ൽ കൊളംബിയ യൂണിവേഴ്സിറ്റി വാഗലോസ് കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിൽ നിന്ന് മെഡിസിനിൽ ഡോക്ടറേറ്റും നേടി.
കൊളംബിയ യൂണിവേഴ്സിറ്റിയുടെ മെയ്ൽമാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ എപ്പിഡെമിയോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്തു. സിസ്റ്റംസ് സയൻസ് പ്രോഗ്രാമിന്റെയും ഗ്ലോബൽ റിസർച്ച് അനലിറ്റിക്സ് ഫോർ പോപ്പുലേഷൻ ഹെൽത്തിന്റെയും ഡയറക്ടറായും പ്രവർത്തിച്ചു. 2015-ൽ ഡെട്രോയിറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ട് നിയമനം കിട്ടി. പ്രധാന യു.എസ് നഗരത്തിന്റെ ആരോഗ്യവകുപ്പ് മേധാവിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. ക്രൂക്കഡ് മീഡിയ നിർമ്മിച്ച അമേരിക്ക ഡിസെക്ടഡ് എന്ന പ്രശസ്തമായ പോഡ്കാസ്റ്റ് അവതരിപ്പിച്ചു. ആരോഗ്യ പരിപാലന പരിഷ്കാരങ്ങളെക്കുറിച്ചും എപ്പിഡെമിയോളജിയെക്കുറിച്ചും മെഡികെയർ ഫോർ ഓൾ: എ സിറ്റിസൺസ് ഗൈഡ്, ഹീലിംഗ് പൊളിറ്റിക്സ് തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു.
2018-ൽ മിഷിഗൺ ഡെമോക്രാറ്റിക് ഗവർണർ പ്രൈമറിയിൽ മത്സരിച്ചു. പിന്നീടിപ്പോൾ മിഷിഗണിൽ നിന്ന് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു. കർണാടകയിൽ കുടുംബവേരുകളുള്ള ഡോ. സാറ ജുകാകുവാണ് ഭാര്യ. മിഷിഗണിലെ ആൻ ആർബറിൽ സ്വന്തമായി പ്രാക്ടീസ് നടത്തുന്ന മനോരോഗ വിദഗ്ദ്ധയാണ് ഡോ. സാറ ജുകാകു. യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിൽ ബിരുദപഠനം നടത്തുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നത്. 2006-ൽ വിവാഹിതരായി.
