അറസ്റ്റ് ചെയ്ത് ജയിലിലടച്ച് ചോദ്യം ചെയ്യേണ്ട സാഹചര്യമെന്തെന്നായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം, 17കാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടിക്കെതിരായ പ്രോസിക്യൂഷന്റെയും കുടുംബത്തിന്റെയും അപ്പീലുകൾ പ്രത്യേക കോടതി തള്ളി. പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. ഒരേ ദിവസം രണ്ടു കോടതികളിലും പ്രതികൂല വിധി ഉണ്ടായതോടെ, ജുഡീഷ്യറിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പ്രതികരണം.
ജഡ്ജിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്താണ്? കസ്റ്റഡിക്ക് മതിയായ കാരണങ്ങൾ വേണമെന്ന് ഹൈക്കോടതി. സിറ്റിങ് ജഡ്ജി ഒളിവിൽ പോകാൻ സാധ്യതയില്ലെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിനകം അന്വേഷണവുമായി സഹകരിക്കുന്നുമുണ്ട്. ആറുമണിക്കൂർ ചോദ്യം ചെയ്തില്ലേയെന്നും കോടതി ചോദിച്ചു. സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം നടക്കണം. ഇരകൾക്ക് നീതി ലഭിക്കണം. സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്നും വ്യക്തമാക്കിയ കോടതി, പക്ഷേ, ജഡ്ജിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തി. തുടർന്നാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
അതിനിടെ, 17കാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടിക്കെതിരെ ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും നൽകിയ അപ്പീലുകൾ എറണാകുളം പ്രത്യേക കോടതി തള്ളി. അപ്പീലുകൾ പരിഗണിക്കുന്നതിനിടെ സമാന കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങൾ ഒരു മണിക്കൂറിനകം ഹാജരാക്കാൻ ക്രൈംബ്രാഞ്ച് എസിപിയോട് കോടതി നിർദ്ദേശിച്ചു. തുടർപരിഗണനയിലാണ് പൊലീസിനെതിരെ രൂക്ഷ വിമർശനം.
ജുവനൈൽ ജസ്റ്റിസ് ആക്ട് പരിഗണിക്കാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഗുരുതര കുറ്റകൃത്യമല്ലെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടില്ലെന്ന നിയമവ്യവസ്ഥ കോടതി ചൂണ്ടിക്കാട്ടി. 17കാരനെതിരെ ഒരു ദിവസം തന്നെ രണ്ട് അറസ്റ്റ് രേഖപ്പെടുത്തിയതും എന്താണ് ഈ കേസിൽ ഇത്ര പ്രത്യേകതയെന്നും കോടതി ചോദിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ടിനെ പട്ടം പറത്തുകയാണോയെന്നും വിമർശനം. നിയമം പഠിച്ചിട്ട് കോടതിയിൽ വരണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസിപിയോട് കോടതി നിർദേശിച്ചു. അപ്പീലുകൾ തള്ളിയ കോടതി, പിഴ ചുമത്താതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാനും പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. അങ്ങേയറ്റം നിരാശയോടെയായിരുന്നു കുടുംബത്തിൻറെ പ്രതികരണം. ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അഭിഭാഷകനും പ്രതികരിച്ചു.
