റോഡിലെ കുഴിയിൽ വീണ് ദിനംപ്രതി നിരവതി പേർക്കാണ് പരിക്ക് പറ്റുന്നത്. റോഡിന്റെ ഈ ദുരവസ്ഥക്കെതിരെ അധികൃതർ കണ്ണടയ്ക്കുകയാണെന്ന പരാതിയുമായി നാട്ടുകാർ. ഉടൻ പരിഹാരം വേണമെന്നാണാവശ്യം.
ഈ റോഡിലൂടെ കടന്നു പോകണമെങ്കിൽ മിനിമം സർക്കസ് എങ്കിലും പഠിക്കണം. അത്രയ്ക്ക് അപകടവസ്ഥയിലാണ്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ ജീവൻ പോകാൻ വരെ സാധ്യതയുണ്ട്.
റോഡ് കാണാത്ത വിധത്തിൽ കുഴി. പരാതികൾ ഏറെ സമർപ്പിച്ചു. അധികൃതരാവട്ടെ വെറും വാക്കുകളിൽ മാത്രം മറുപടി നൽകി. പകൽ സമയങ്ങളിൽ കുഴി തിരിച്ചറിയാവുന്നതുകൊണ്ട് വാഹനങ്ങൾ വളരെ ശ്രദ്ധിച്ചാണ് കടന്നുപോവുക. എങ്കിലും ഇരുചക്ര വാഹനക്കാർ കുഴി കണ്ട് പേടിച്ച് വീണുപോകും. രാത്രിയാകുമ്പോൾ കടകളിലെ വെളിച്ചം അണയുന്നതോടെ അപകടങ്ങൾ കൂടും. കുട്ടികളടക്കം ഇവിടെ വീണ് പരിക്കേറ്റിട്ടുണ്ട്.
ജില്ലാ കോടതിയും വലിയങ്ങാടിയും ബീച്ചും എല്ലാം ഈ റോഡിന് തൊട്ടടുത്താണ്. അതുകൊണ്ട് തന്നെ ദിവസവും യാത്ര ചെയ്യുന്നത് പതിനായിരക്കണക്കിന് ആളുകളാണ്. ഇവരെല്ലാം ജീവൻ പനയപ്പെടുത്തിയാണ് യാത്ര ചെയുന്നത്. റോഡ് നവീകരണത്തിന് ഫണ്ട് പാസായെന്ന് കൗൺസിലർ അറിയിച്ചെങ്കിലും പിന്നീട് അതിനെ കുറിച്ച് ഒരു വിവരവുമില്ലെന്നും നാട്ടുകാർ പറയുന്നു. ഇളകികിടക്കുന്ന സ്ലാബുകളും അപകട സാധ്യത കൂട്ടുന്നു.
കുഴി മാത്രമല്ല മഴപെയ്താൽ വെള്ളക്കെട്ടും രൂക്ഷമാണ്. കുഴി തിരിച്ചറിയാതെ ആളുകൾ വെള്ളക്കെട്ടിൽ വീണ സംഭവങ്ങളുമുണ്ട്. അതുകൊണ്ട് റോഡ് മാത്രം നന്നാക്കിയാൽ പോരാ വെള്ളം ഒഴിഞ്ഞുപോകാനുള്ള ഓവുചാലുകളും നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
