നിരാഹാരം കിടന്ന സമരസമിതി നേതാവ് വളർമതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പൊലീസിനെ തടഞ്ഞ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വളർമതിയെ ബലമായി കൊണ്ടുപോയതിൽ പ്രതിഷേധിച്ച് റാങ്ക് ഹോൾഡേഴ്സ് കൂട്ടനിരാഹാരസമരം പ്രഖ്യാപിച്ചു.
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്തതിന് വളർമതി ഉൾപ്പെടെ 58 പേർക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു ഉദ്യോഗാർത്ഥികളുടെ സമരം. സെക്രട്ടറിയേറ്റിന് മുന്നിൽ കുത്തിയിരുന്ന ഉദ്യോഗാർഥികളെ പൊലീസ് അനുനയിപ്പിച്ച് നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആർഎംഒ ജയകുമാർ നിരാഹാരം അനുഷ്ഠിക്കുന്ന വളർമതിയെ പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. വളർമതി വിസമ്മതിച്ചതോടെ റാങ്ക് ഹോൾഡേഴ്സും പൊലീസും തമ്മിൽ വാക്കുതർക്കം. സമരത്തിന് പിന്തുണയുമായെത്തിയ യുവമോർച്ച പ്രവർത്തകർ പൊലീസിനോട് തട്ടിക്കയറി.
സമരമവസാനിപ്പിക്കാൻ വിസമ്മതിച്ച വളർമതിയെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതോടെ സംഘർഷമായി. സമരക്കാരെ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ആവർത്തിച്ച് ഉദ്യോഗാർത്ഥികളും. അതേസമയം പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കൂടുതൽ ശക്തമാക്കാനാണ് എൽ പി എസ് ടി ഉദ്യോഗാർഥികളുടെ തീരുമാനം.
