ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 1.35 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിലായി. കണ്ണൂർ സ്വദേശികളായ രണ്ട് യുവാക്കളെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറാൻ ഉപയോഗിച്ച മ്യൂൾ അക്കൗണ്ടുകളുടെ ഉടമകളാണ് അറസ്റ്റിലായതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ചു. അന്വേഷണത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തി. ഒടുവിൽ നഷ്ടമായത് ഒരു കോടി 35 ലക്ഷം രൂപ. കോഴിക്കോട് സ്വദേശിനിയാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു പ്രതികളുടെ നീക്കം. പരാതിക്കാരിയുടെ ആധാർ കാർഡ് ഉപയോഗിച്ച് സിം കാർഡ് എടുത്തിട്ടുണ്ടെന്നും ഇത് സാമ്പത്തിക തട്ടിപ്പുകൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കായി കൈമാറണമെന്നും പരിശോധനയ്ക്ക് ശേഷം പലിശ സഹിതം തിരികെ നൽകുമെന്നും വിശ്വസിപ്പിച്ചു. ഇതോടെ പരാതിക്കാരി പണം കൈമാറി. 13 ഇടപാടുകളിലൂടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 1,35,14,000 രൂപയാണ് നഷ്ടമായത്. കേസിൽ കണ്ണൂർ കതിരൂർ സ്വദേശി മുഹമ്മദ് ഹനാൻ, കൂത്തുപറമ്പ് സ്വദേശി മുഹമ്മദ് ഷഹ്സാദ് എന്നിവരെയാണ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിലൂടെ ലഭിച്ച പണത്തിൽ അഞ്ച് ലക്ഷം രൂപ ഒരു പ്രതിയുടെ ബാങ്ക് അക്കൗണ്ടിലെത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ തുക ചെക്ക് മുഖേനയും എടിഎം വഴിയും പിൻവലിച്ച് മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സ്വീകരിക്കാനും പിൻവലിച്ച് മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറാനും ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ ഉടമകളാണ് അറസ്റ്റിലായവരെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇത്തരം അക്കൗണ്ടുകളെയാണ് മ്യൂൾ അക്കൗണ്ടുകൾ എന്ന് വിളിക്കുന്നത്. തട്ടിപ്പിന് പിന്നിലുള്ള മറ്റ് പ്രതികളെ കണ്ടെത്താനും പണത്തിന്റെ തുടർ സാമ്പത്തിക ശൃംഖല തിരിച്ചറിയാനും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തട്ടിപ്പിലൂടെ നഷ്ടമായ പണം വീണ്ടെടുക്കാനുള്ള നടപടികളും തുടരുകയാണ്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
