ലഹരി വാങ്ങാനുള്ള പണം കണ്ടെത്താനും ആഡംബര ജീവിതം നയിക്കാനുമായി യുവാക്കൾ മോഷണത്തിലേക്ക് തിരിയുന്നുവെന്നാണ് അന്വേഷണ സംഘങ്ങളുടെ നിഗമനം. 18 മുതൽ 25 വയസ്സുവരെയുള്ളവരാണ് ഇത്തരം സംഘങ്ങളിൽ ഏറെയും. ചെറുമോഷണങ്ങളിൽ തുടങ്ങി ലക്ഷങ്ങൾ കവരുന്ന കുറ്റകൃത്യങ്ങളിലേക്ക് വരെ എത്തുന്നു ഇവരുടെ പ്രവർത്തനം. കൊല്ലം സിറ്റി, റൂറൽ മേഖലകളിലായി കഴിഞ്ഞ പത്തുമാസത്തിനിടെ റിപ്പോർട്ട് ചെയ്തത് നൂറിലധികം മോഷണക്കേസുകൾ.
ചെറുമോഷണങ്ങൾ വലിയ കുറ്റകൃത്യങ്ങളിലേക്കുള്ള ചവിട്ടുപടിയാകുന്നുവെന്നും പോലീസ് വിലയിരുത്തുന്നു. ചെറിയ മോഷണങ്ങൾക്ക് അർഹമായ ഗൗരവം ലഭിക്കാത്തത് കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നുണ്ടെന്നുമാണ് പോലീസ് നിഗമനം. എഴുകോണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ആറുലക്ഷം രൂപ കവർന്ന കേസിൽ പിടിയിലായ മൂന്നുപേരും 25 വയസ്സിൽ താഴെയുള്ളവർ. ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജില്ലാ ആശുപത്രിക്ക് സമീപത്തെ മൊത്തവ്യാപാര കേന്ദ്രത്തിൽ നിന്ന് 23 ലക്ഷം രൂപ കവർന്ന കേസിലും പ്രതികൾ യുവാക്കൾ തന്നെ. മറ്റൊരു മോഷണക്കേസിൽ പത്തുലക്ഷം രൂപ കവർന്നതിലും ഇവർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. മോഷ്ടിച്ച പണമെല്ലാം ധൂർത്തടിച്ചുവെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി. യുവാക്കളിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം മോഷണസംഘങ്ങളുടെ വേരറുക്കാനും ശക്തമായ പോലീസ് നടപടി അനിവാര്യമെന്നാണ് ഉയരുന്ന ആവശ്യം.
