മോഷണം പിടികൂടിയതോടെ തൊണ്ടിമുതലായ എംഡിഎംഎ തിരിച്ചേൽപ്പിച്ച് തടിയൂരാൻ ശ്രമമുണ്ടായി. രണ്ടാഴ്ചയിലേറെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മൂടിവെച്ച സംഭവം ബിഗ്ടിവി പുറത്തുകൊണ്ടുവന്നതിന് പിന്നാലെ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു.
എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ അനസാണ് സ്റ്റേഷനിൽ സൂക്ഷിച്ച തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ചത്. വിറ്റാൽ ലക്ഷങ്ങൾ ലഭിക്കുന്ന 76 ഗ്രാം എംഡിഎംഎയാണ് സ്‌റ്റേഷനിൽ നിന്ന് കവർന്നത്. ഓപ്പറേഷൻ തൂഫാനിൽ പിടികൂടിയ ലഹരിവസ്തുക്കൾ കൂട്ടത്തോടെ നശിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ടതായി അറിയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ തൊണ്ടിമുതൽ സൂക്ഷിച്ച മുറിയിൽ അനസ് എത്തിയതായി കണ്ടെത്തി. ഇതോടെ അനസിനെ ചോദ്യം ചെയ്തു. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ എംഡിഎംഎ മോഷ്ടിച്ചത് അനസ് സമ്മതിച്ചു. ഇതോടെയാണ് ഇരുചെവിയറിയാതെ കേസ് ഒതുക്കിതീർക്കാൻ ഗൂഡാലോചന നടന്നത്. മോഷ്ടിച്ച ലഹരിവസ്തു തിരികെവെച്ച് എസ്‌ഐയെ രക്ഷിക്കാനായിരുന്നു ശ്രമം. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടന്ന ഗൂഡാലോചനയ്ക്ക് പിന്നാലെ എസ്‌ഐ അനസ് 76 ഗ്രാം എംഡിഎംഎ തിരികെ എത്തിച്ചു. തൊണ്ടിമുതലായ മാരക ലഹരിമരുന്ന് മോഷ്ടിച്ചുവെന്ന് അറിഞ്ഞിട്ടും ഒരു നടപടിയും എസ്‌ഐക്കെതിരെ ഉണ്ടായില്ല. മോഷണം കയ്യോടെ പിടികൂടിയതിന് ശേഷവും എസ്‌ഐ സർവീസിൽ തുടർന്നു. ബിഗ് ടിവി ഇന്ന് രാവിലെ ഒൻപത് മണിക്ക് പൊലീസിന്റെ മോഷണ വാർത്ത പുറത്തുവിട്ടു. ഒരു മണിക്കൂർ തികയും മുൻപ് എസ്‌ഐയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. നടപടിയെടുക്കാൻ ഒരു കാലതാമസവും ഉണ്ടായില്ലെന്നാണ് കമ്മീഷണറുടെ വിശദീകരണം.
എസ്‌ഐക്കെതിരെ മാത്രം നടപടിയെടുത്ത് വിഷയം ഒതുക്കിതീർക്കാനാണ് നിലവിലുള്ള ശ്രമം. ഗുരുതരമായ കുറ്റകൃത്യമെന്ന് ബോധ്യപ്പെട്ടിട്ടും അത് മൂടിവെക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമിച്ച മേലുദ്യോഗസ്ഥർക്കെതിരെയും നടപടി വേണ്ടതാണ്. തിരികെവെച്ച എംഡിഎംഎ യഥാർത്ഥമാണോ വ്യാജമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. എസ്‌ഐയുടെ ലഹരിമാഫിയ ബന്ധങ്ങളിലും ഇതുവരെ അന്വേഷണമുണ്ടായിട്ടില്ല. ഓപ്പറേഷൻ തൂഫാന്റെ പേരിൽ സർക്കാരും ആഭ്യന്തരവകുപ്പും മേനിപറയുമ്പോഴാണ് പൊലീസുകാരന്റെ ലഹരിമരുന്ന് മോഷണം.
