മാറ്റങ്ങളോടെയാകും ബില്ല് നിയമസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരിക. ഇതുൾപ്പെടെ കഴിഞ്ഞ സഭാ സമ്മേളനത്തിൽ പാസാക്കാൻ കഴിയാതിരുന്ന ബില്ലുകൾ പാസാക്കാൻ ഡിസംബറിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കും.
കോൺഗ്രസിനുള്ളിലും മുസ്ലിംലീഗിലും എതിർപ്പുയർന്നതോടെയാണ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ കായിക ബിൽ അവതരിപ്പിക്കാൻ കഴിയാഞ്ഞത്. പ്രധാന പദവികളിൽ കായികതാരങ്ങളെ മാത്രം ഉൾപ്പെടുത്തുന്ന നിർദ്ദേശമാണ് എതിർപ്പിന് കാരണമായത്. കായിക താരങ്ങൾ ഭാഗമാകണമെങ്കിലും രാഷ്ട്രീയക്കാർ ഉൾപ്പെടെ ഭരണ പരിചയമുള്ളവരെ കൂടി ഉൾപ്പെടുത്തണം എന്നായിരുന്നു ആവശ്യം. നിലവിലുള്ള സ്പോർട്സ് കൗൺസിലിന് പകരം സമഗ്ര പരിഷ്കരണം കൊണ്ടുവരുന്നതാണ് കായിക ബിൽ. എതിർപ്പിൻ്റെ പശ്ചാത്തലത്തിൽ ഉള്ളടക്കത്തിൽ മാറ്റം വരുത്തിയാകും കായിക ബിൽ അവതരിപ്പിക്കുക. ഒപ്പം സർക്കാർ പ്രഖ്യാപിച്ച രണ്ടാം ഭൂപരിഷ്കരണത്തിന്റെ ഭാഗമായുള്ള മൂന്നു റവന്യൂ ബില്ലുകളും സഭയിൽ എത്തും. സ്വകാര്യ സർവകലാശാല ബില്ലും നിയമസഭ പരിഗണിക്കും. കഴിഞ്ഞ സർക്കാർ പാസാക്കി ഇപ്പോൾ രാഷ്ട്രപതിയുടെ പരിഗണനക്കിരിക്കുകയാണ് സ്വകാര്യ സർവകലാശാല ബിൽ. ഇത് തിരികെ അയക്കണമെന്ന് നിയമസഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബറിന് മുൻപേ രാഷ്ട്രപതി ഇത് തിരികെ അയക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കിൽ യുഡിഎഫിന്റെ രാഷ്ട്രീയ താൽപര്യം മുൻനിർത്തിയുള്ള സ്വകാര്യ സർവകലാശാലാബിൽ സഭ പാസാക്കും. യുഡിഎഫിന്റെ നയ പരിപാടികൾ നടപ്പിലാകണമെങ്കിൽ ബില്ലുകൾ വേഗത്തിൽ പാസാക്കണം. ഇതിനാണ് ഒരു സഭാ സമ്മേളനം കഴിഞ്ഞ് തൊട്ടടുത്ത നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിസഭ സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
