പുതിയ ആഭ്യന്തര സെക്രട്ടറിയായി കെ ആർ ജ്യോതിലാലിനെ നിയമിച്ചു. മിനാജ് ആലം ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി. മന്ത്രിയുമായി തർക്കം നിലനിന്നതിനെ തുടർന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്ന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയേയും മാറ്റി. ശർമിള മേരി ജോസഫിനെ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. മുഹമ്മദ് ഹനീഷാണ് പുതിയ ആരോഗ്യ വകുപ്പ് സെക്രട്ടറി.
ഐഎസ്സുകാരായ ദിവ്യ എസ് അയ്യറും ടിവി അനുപമയും തമ്മിൽ നിലനിന്നിരുന്ന തർക്കത്തിനും പരിഹാരമായി. അനുപമയെ ധനവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. വൈദ്യുതി വാങ്ങുന്നതിൽ അടക്കം തർക്കം നിലനിന്നിരുന്ന കെഎസ്ഇബിയിലും മാറ്റമുണ്ട്. രാജമാണിക്യത്തിനെ മാറ്റി പകരം എൻ പ്രശാന്തിനെ കെഎസ്ഇബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറാക്കി. ജി എസ് ടി കമ്മീഷണർ സ്ഥാനത്തു നിന്നും പിബി നൂഹിനെ മാറ്റി പകരം ജാഫർ മാലിക്കിനെ നിയമിച്ചു. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറായി ടി വി സുഭാഷിനെയും നിയമിച്ചിട്ടുണ്ട്. കേന്ദ്ര സർവീസിൽ നിന്നും തിരികെ വന്ന ഡോക്ടർ എം ബീനയെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. കെ ടെറ്റ് വിവാദത്തിന് പിന്നാലെ പൊതു വിദ്യാഭ്യാസ സെക്രട്ടറി സജിത് ബാബുവിനും മാറ്റമുണ്ട്.
