സംസ്ഥാനത്ത് ചൂടിന് ഇന്നും ശമനമില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് പേർക്കാണ് ഇന്ന് സൂര്യാഘാതമേറ്റത്. മലപ്പുറം ജില്ലയിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾക്കാണ് സൂര്യാതപമേറ്റത്. വണ്ടൂരിൽ നാല് വയസുകാരിയായ ഇസ ജോണിനാണ് സൂര്യാഘാതമേറ്റത്. ശരീരമാകെ പൊള്ളലേറ്റ കുഞ്ഞിനെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരിയിൽ കളിക്കുന്നതിനിടെ സഹോദരങ്ങളായ കുഞ്ഞുങ്ങൾക്കാണ് സൂര്യാഘാതമേറ്റത്. പൈങ്കണ്ണൂർ സ്വദേശി പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള ആൺകുട്ടികൾക്കാണ് പൊള്ളലേറ്റത്.
വിദേശത്തായിരുന്ന കുടുംബം നാലഞ്ചു ദിവസം മുൻപാണ് നാട്ടിലെത്തിയത്
മൂന്ന് വയസുകാരന്റെ കൈകൾക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ച് വയസുകാരന്റെ കൈകൾക്കും പൊള്ളലുണ്ട്.
കുട്ടികളെ വളാഞ്ചേരി വൈക്കത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് വളയത്ത് സൂര്യാഘാതമേറ്റ അങ്കണവാടി അധ്യാപിക വളയം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ജോലിക്കിടെയാണ് വലത് കൈത്തണ്ടയിൽ പൊള്ളലേറ്റത്
കഴിഞ്ഞ ദിവസം തൂണേരിയിലെ അങ്കണവാടി ഹെൽപ്പർക്കും സൂര്യാഘാതമേറ്റിരുന്നു. സ്കൂട്ടറിൽ യാത്ര ചെയ്യുന്ന പലർക്കും പൊള്ളലേറ്റതായും അസ്വസ്ഥയുള്ളതായും റിപ്പോർട്ടുണ്ട്.
