ജഡ്ജിമാരുടെ നേതൃത്വത്തിൽ തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയിൽ പരിശോധന നടത്തി. മുറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.
2016ൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തൊണ്ടിമുതലിനായുള്ള തിരച്ചിലാണ് മോഷണക്കേസായി പരിണമിച്ചത്. കേസിലെ തൊണ്ടിമുതലായിരുന്ന രണ്ട് ലക്ഷം രൂപ വിലയുള്ള റാഡോ വാച്ച് തിരികെ ആവശ്യപ്പെട്ട് പരാതിക്കാരി അപേക്ഷ നൽകി. അപേക്ഷ അംഗീകരിച്ച കോടതി വാച്ച് വിട്ടുനൽകാൻ ഉത്തരവിട്ടു. ഈ വാച്ച് കണ്ടെത്താൻ രണ്ട് മാസത്തിലേറെയാണ് ജീവനക്കാർ തൊണ്ടിമുതൽ സൂക്ഷിക്കുന്ന പ്രോപ്പർട്ടി റൂം അരിച്ചുപ്പെറുക്കിയത്. ഈ വാച്ച് കണ്ടെത്താനായില്ലെന്ന് മാത്രമല്ല കൂടുതൽ തൊണ്ടിമുതലുകൾ അപ്രത്യക്ഷമായതായും കണ്ടെത്തി. കാണാതായ 124 തൊണ്ടിമുതലുകളത്രയും വാച്ചുകളെന്നാണ് നിഗമനം. വിവിധ കേസുകളിലെ തൊണ്ടിമുതലുകളായ വാച്ചുകൾ ഒരുമിച്ച് ഒരു സ്യൂട്ട്‌കേസിലാണ് സൂക്ഷിച്ചിരുന്നത്. ഈ പെട്ടിയടക്കമാണ് കാണാതായത്. 2016 മുതൽ ഇതുവരെ പ്രോപ്പർട്ടി റൂമിന്റെ ചുമതലയുള്ള പല ജീവനക്കാരും മാറിവന്നു. ഇതിൽ ആരുടെ കാലയളവിലാണ് തൊണ്ടിമുതലുകൾ നഷ്ടപ്പെട്ടതെന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. ജീവനക്കാരുടെ അറിവില്ലാതെ ഒരു തിരിമറിയും ഇവിടെ നടക്കില്ലെന്ന് പൊലീസ് ഉറപ്പിക്കുന്നു. ഓരോദിവസവും തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറി പൂട്ടി സീൽ ചെയ്ത് പൊലീസിനെ ഏൽപ്പിച്ചാണ് ഉദ്യോഗസ്ഥൻ മടങ്ങുന്നത്. തൊട്ടടുത്ത ദിവസം പൊലീസിൽ നിന്ന് താക്കോൽ വാങ്ങി സീൽ നീക്കം ചെയ്താണ് മുറി തുറക്കേണ്ടത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് തൊണ്ടിമുതലുകളാണ് മുറിയിൽ സൂക്ഷിച്ചിട്ടുള്ളത്. സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് കോടതിയുടെ ഇടപെടലും അന്വേഷണവും. തൊണ്ടിമുതൽ നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ കോടതി പൊലീസ് അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് മുറിയിൽ ജഡ്ജിമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
