അന്വേഷണത്തോട് സഹകരിക്കാത്ത 17കാരൻ ഡ്രൈവിംഗ് പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് ആവർത്തിച്ചു. ക്രൈം സീനിൽ എത്തിയ ജഡ്ജിയുടെ ഇടപെടലിൽ അന്വേഷണം ഊർജിതമാക്കിയ അന്വേഷണസംഘം ജഡ്ജിയുടെ സുഹൃത്തിനെയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. അതേസമയം അപകടത്തിന് ശേഷം ജഡ്ജി വിളിച്ചെന്ന് ആരോപണം തള്ളി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ രംഗത്തെത്തി.
അപകടത്തിന് പിന്നാലെ പതിനേഴുകാരൻ ആദ്യം വിളിച്ചത് പിതാവായ ജഡ്ജിനെയാണ്. പുലർച്ചെ 2.21ന് മറ്റൊരു കാറിൽ ജഡ്ജും ഭാര്യയും അപകടം നടന്ന സ്ഥലത്തെത്തി. കാർ പോസ്റ്റിൽ ഇടിച്ചുവെന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്ന് ചോദ്യം ചെയ്യലിൽ ജഡ്ജി അന്വേഷണ സംഘത്തോട് വ്യക്തമാക്കി. എന്നാൽ സ്ഥലത്തെത്തിയതിനു ശേഷമാണ് സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് മനസ്സിലായതെന്ന് ജഡ്ജി അന്വേഷണ സംഘത്തോട് പറഞ്ഞു. ജഡ്ജിയുടെ വാദം അന്വേഷണസംഘം പൂർണമായും മുഖവിലയ്ക്ക് എടുക്കുന്നില്ല. താൻ അറിയാതെയാണ് മകൻ വാഹനം എടുത്തതെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ജഡ്ജി.
എന്നാൽ അപകടം നടന്ന് പതിനഞ്ച് മിനിറ്റിനകം സ്ഥലത്തെത്തിയ ജഡ്ജ് മകനെ സുരക്ഷിതമായി തന്റെ കാറിലേക്ക് മാറ്റുകയും , സുഹൃത്തിനെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ബെൻസ് കാറിന്റെ മുന്നിലും പുറകിലുമുണ്ടായിരുന്ന ജില്ലാ ജഡ്‌ജെന്ന ബോർഡ് ഈ സമയമാണ് നീക്കം ചെയ്തതെന്നാണ് നിഗമനം. ഒപ്പം മകന് എന്ത് മൊഴി നൽകണമെന്ന് നിർദ്ദേശിച്ചുവെന്നും അന്വേഷണസംഘം കണക്കാക്കുന്നു. അപകടത്തിന് പിന്നാലെ ജഡ്ജി വിളിച്ചുവെന്ന ആരോപണം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ നിഷേധിച്ചു. കേസിൽ ജഡ്ജിയുടെ സുഹൃത്തിനെ ചോദ്യം ചെയ്ത് പൂർത്തിയാക്കിയ ശേഷം, ജഡ്ജിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
