തിരുവനന്തപുരത്ത് കാപ്പാ കേസിൽ പിടിയിലായ ബിജെപി കൗൺസിലർ ആർ സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ തുടരവെയാണ് വിയ്യൂരിലേക്ക് മാറ്റിയത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി സുഗതനെ ഉടൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
തിരുവനന്തപുരത്തെ ബിജെപി കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ സുഗതൻ ചൊവ്വാഴ്ച രാത്രിയാണ് പൊലീസിൻ്റെ പിടിയിലായത്. 2022, 2025 വർഷങ്ങളിൽ ജില്ലാ ഭരണകൂടം രണ്ട് തവണ സുഗതനെ നാടുകടത്തിയിരുന്നു. എന്നാൽ തിരികെയെത്തിയ ശേഷവും ഇയാള്‍ വധശ്രമക്കേസില്‍ പ്രതിയായി. രണ്ട് സ്റ്റേഷനുകളിലായി സുഗതനെതിരെ നിലവില്‍ പതിനൊന്ന് കേസുകളുണ്ട്; നാലെണ്ണം വധശ്രമക്കേസാണ്. ഇതിലൊരു വധശ്രമക്കേസിലായിരുന്നു സുഗതൻ്റെ ഒളിവ് ജീവിതവും അറസ്റ്റും.
പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ ആയിരുന്ന സുഗതനെ രാത്രിയോടെയാണ് വിയ്യൂരിലേക്ക് മാറ്റി. കാപ്പാ കേസ് പ്രതി ആയതിനാലാണ് ജയിൽ മാറ്റമെന്നാണ് പൊലീസിൻ്റെ വിശദീകരണം. അതേസമയം, സുഗതനായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് ഇന്ന് തന്നെ നൽകിയേക്കും. കസ്റ്റഡിയിൽ ലഭിച്ച ശേഷം
വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമാണ് നീക്കം. വട്ടിയൂർക്കാവിലെ ക്ഷേത്ര ഉത്സവത്തിനിടെ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് പരാതി. കേസിൽ ഒന്നാം പ്രതി കൂടിയാണ് ബിജെപി കൗൺസിലർ കൂടിയായ ആർ സുഗതൻ.
