പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ മതിയായ കാരണം നിരത്തുന്നതിലടക്കം പ്രോസിക്യൂഷൻ പരാജയപ്പെട്ടതോടെയാണ് കുടുംബം അതൃപ്തി പ്രകടമാക്കിയത്. കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകി. പതിനേഴുകാരന്റെ സമൂഹമാധ്യമ അക്കൗണ്ട് നിർജീവമാക്കിയത് തെളിവ് നശിപ്പിക്കലായി കണക്കാക്കുമെന്നും കോടതി പരാമർശിച്ചു.
കേസിന്റെ അന്വേഷണത്തിൽ പൊലീസിനുണ്ടായ വീഴ്ചകളുടെ തുടർച്ചയാണ് കോടതിമുറിയിലും പ്രതിഫലിച്ചത്. ജാമ്യം റദ്ദാക്കാനുള്ള പുതിയ അപേക്ഷ കോടതിയിൽ എത്തിയത് പോലും കോടതി ചേർന്ന് അരമണിക്കൂർ കഴിഞ്ഞപ്പോൾ. ജാമ്യം നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡിനെ കുറ്റപ്പെടുത്തിയായിരുന്നു പ്രോസിക്യൂഷൻ വാദങ്ങൾ. തെളിവുകളോ അപകടത്തിന്റെ സാഹചര്യമോ ഗൗരവമോ ജാമ്യം നൽകുമ്പോൾ പരിഗണിച്ചില്ല. ലൈസൻസില്ലാതെ അമിതവേഗതയിൽ വാഹനമോടിച്ചത് അപകടമുണ്ടാകുമെന്ന അറിവോടെയാണ്. രാത്രി എങ്ങോട്ടേക്കായിരുന്നു യാത്ര, മുൻപും സമാനമായ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്നൊക്കെ കണ്ടെത്താൻ കസ്റ്റഡി അനിവാര്യമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഈ വാദങ്ങളിൽ കോടതി അതൃപ്തി വ്യക്തമാക്കി. എന്തുകൊണ്ട് ജാമ്യം റദാക്കണമെന്ന ചോദ്യങ്ങൾക്ക് കോടതിയെ ബോധ്യപ്പെടുത്തുന്ന മറുപടി നൽകാൻ പബ്ലിക് പ്രോസിക്യൂട്ടർ തുടർച്ചയായി പരാജയപ്പെട്ടു. ഇതോടെയാണ് കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചത്. പ്രോസിക്യൂട്ടറുടെ പ്രകടനം കോടതിമുറിയിൽ നേരിട്ട് കണ്ട ജയബാലകൃഷ്ണന്റെ കുടുംബം അതൃപ്തി പരസ്യമാക്കി.
ജാമ്യാപേക്ഷയിലെ അപാകത ചൂണ്ടിക്കാട്ടിയായിരുന്നു ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ വാദം. ബിഎൻഎസ്എസ് സെക്ഷൻ പ്രകാരമുള്ള ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡിന് പരിഗണിക്കാൻ കഴിയില്ലെന്ന് കുടുംബം വാദിച്ചു. പൊതുമസമൂഹത്തിൽ നിന്ന് വലിയ വിമർശനവും ഭീഷണിയും പതിനേഴുകാരൻ നേരിടുന്നത് പരിഗണിച്ച് ജാമ്യം റദ്ദാക്കണമെന്നും കുടുംബം വാദിച്ചു. പതിനേഴുകാരനെതിരായ പൊതുവികാരത്തെ കുടുംബം ഉന്നയിച്ചെങ്കിലും അത് അറിയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം നൽകിയതിൽ അപാകതയില്ലെന്ന് പതിനേഴുകാരൻ വാദിച്ചു. കുട്ടിയ്ക്ക് സംരക്ഷണം നൽകാൻ കുടുംബത്തിന് കഴിയുമെന്നും നിയമം അതനുവദിക്കുന്നുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പതിനേഴുകാരന്റെ സമൂഹമാധ്യമ അക്കൗണ്ട് നിർജീവമാക്കിയത് അഭിഭാഷകൻ തുറന്ന് സമ്മതിച്ചു. കുടുംബത്തിന്റെ സ്വകാര്യത പരിഗണിച്ചായിരുന്നു ഇതെന്ന് വാദമുയർത്തിയെങ്കിലും അത് തെളിവ് നശിപ്പിക്കലായി കണക്കാക്കാമെന്ന് കോടതി നിരീക്ഷിച്ചു. പതിനേഴുകാരന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. മറുപടി നൽകാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതോടെ ഇത്തരം പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകി. സൈബർ സെല്ലിനോട് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാനാണ് കോടതിയുടെ നിർദേശം.
