പ്രണയബന്ധം എതിർത്ത വൈരാഗ്യത്തിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് കൊച്ചിയിൽ അറസ്റ്റിൽ. അയ്യപ്പൻകാവ് സ്വദേശി അഭിജിത്താണ് പിടിയിലായത്. സ്കൂട്ടറിന് പിന്നിൽ കാറിടിപ്പിച്ച ശേഷം വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാനുള്ള നീക്കം സിസിടിവി ദൃശ്യങ്ങളാണ് തകർത്തത്. വിവാഹമോചിതയായ യുവതിയുമായുള്ള വിവാഹം കുടുംബം എതിർക്കാൻ കാരണം പിതൃസഹോദരനാണെന്ന് കരുതിയായിരുന്നു ആക്രമണം.
ഇന്നലെ രാവിലെ 6.15ന് അയ്യപ്പൻകാവ്-ചിറ്റൂർ റോഡിലായിരുന്നു അപകടം. അയ്യപ്പൻകാവ് സ്വദേശി സത്യപാലനെയാണ് കാറിടിച്ച് തെറിപ്പിച്ചത്. കാറോടിച്ച സഹോദരപുത്രൻ അഭിജിത്താണ് സത്യപാലനെ ആശുപത്രിയിൽ എത്തിച്ചത്. സാധാരണ റോഡ് അപകടമെന്ന കരുതിയ കേസിൽ ബന്ധുക്കളുടെ സംശയമാണ് വഴിത്തിരിവുണ്ടാക്കിയത്. ഒരാഴ്ച മുമ്പ് അഭിജിത്തിന്റെ വിവാഹം സംബന്ധിച്ച് വീട്ടിൽ വലിയ തർക്കമുണ്ടായിരുന്നു. തുടർന്ന് അഭിജിത്തിനെതിരെ മാതാപിതാക്കൾ പരാതിയും നൽകി. ഇതിനെല്ലാം കാരണം സത്യപാലനെന്ന് പറഞ്ഞ് അഭിജിത്ത് ഭീഷണിയും മുഴക്കി. ബന്ധുക്കൾ മൊഴി നൽകിയതോടെയാണ് സെൻട്രൽ പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. കാറിന്റെ അസാധാരണ വേഗം ശ്രദ്ധയിൽപ്പെട്ടതോടെ അഭിജിത്തിനെ ചോദ്യം ചെയ്തു. ഇതോടെയാണ് കള്ളിവെളിച്ചത്തായത്.
അയ്യപ്പൻകാവ് ജംഗ്ഷനടുത്ത് സത്യപാലൻ സൂപ്പർമാർക്കറ്റ് നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സൂപ്പർമാർക്കറ്റിന് കുറച്ചകലെയായി പ്രതി ഒളിച്ചുനിൽക്കുന്നതും സത്യപാലൻ സ്കൂട്ടറിൽ കടന്നുപോകുമ്പോൾ കാറിൽ പിന്തുടരുന്നതും കണ്ടെത്തി. ഇടിയുടെ ആഘാതത്തിൽ സത്യപാലൻ കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണ് ചില്ലുകൾ തകർന്നു. വാഹനാപകടമാണെന്ന് വരുത്തിതീർക്കാൻ ഇതേ കാറിൽ അഭിജിത്ത് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതും.
എറണാകുളത്ത് ട്രാവൽ ഏജൻസി നടത്തുന്ന പ്രതി വിവാഹമോചിതയായ യുവതിയുമായി അടുപ്പത്തിലാണ്. രക്ഷിതാക്കളും മറ്റ് ബന്ധുക്കളും അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ എതിർത്തു. സത്യപാലന്റെ പ്രേരണ മൂലമാണ് വിവാഹം നടക്കാത്തതെന്ന് കരുതിയാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
