എറണാകുളം അങ്കമാലി അയ്യമ്പുഴയിൽ കാട്ടാനശല്യം രൂക്ഷമായതോടെ നാട്ടുകാർ കടുത്ത ആശങ്കയിൽ. തൃശൂർ അതിരപ്പള്ളി പ്ലാന്റേഷൻ മേഖലയിൽ നിന്ന് വനംവകുപ്പ് തുരത്തുന്ന കാട്ടാനകളാണ് അയ്യമ്പുഴയിലെ ജനവാസ മേഖലയിലെത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.പോർക്കുന്നുപാറയിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെ വളർത്തുനായ കുരയ്ക്കുന്നത് കേട്ട് വീടിന് പുറത്തിറങ്ങിയ മൂലൻ ആന്റു, തൊട്ടുമുന്നിൽ ഒറ്റയാനെ കണ്ടത് തലനാരിഴയ്ക്ക് രക്ഷപ്പെടാൻ ഇടയാക്കി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിലേറെയായി ഒറ്റയാനടക്കം കാട്ടാനക്കൂട്ടങ്ങൾ പ്രദേശത്ത് സ്ഥിരമായി എത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൃഷിയിടങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായതായും ഏത് നിമിഷവും ജീവഹാനി സംഭവിക്കുമെന്ന ഭീതിയിലാണെന്നും അവർ പറയുന്നു. ഒടുവിൽ എത്തിയ ഒറ്റയാൻ മുമ്പ് വെറ്റിലപ്പാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആളുകളെ ആക്രമിച്ച് കൊലപ്പെടുത്തിയ ആനയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
മൊബൈൽ ഫോൺ ശൃംഖല പോലും ദുർബലമായ മേഖലയായതിനാൽ കാട്ടാനയെത്തിയാൽ വിവരം അറിയിക്കാൻ പോലും ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. രാത്രികാലങ്ങളിൽ വനംവകുപ്പിന്റെ സ്ഥിരം നിരീക്ഷണവും അടിയന്തര സുരക്ഷാ സംവിധാനവും ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
