വീണാ ജോർജിനെ വീഴ്ത്തിയത് കണ്ണൂർ പാർട്ടി. കണ്ണൂരിലെ കെ എസ് യു പ്രതിഷേധമാണ് വീണയെ കുരുക്കാൻ ആയുധമാക്കിയത്. ‘ആയുധം പോലെ എന്തോ ഒന്ന്’ വെച്ചുള്ള ആക്രമണം നടന്നുവെന്ന തരത്തിൽ വീണാ ജോർജിന്റെ ഗൺമാന്റെ മൊഴി തിരുത്തിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. മത്സരിപ്പിച്ച് ഫിനിഷ് ചെയ്യാൻ ഗൂഢാലോചന നടന്നുവെന്നും വ്യക്തം.
കണ്ണൂരിൽ കെ എസ് യു പ്രവർത്തകരുടെ ആക്രമണത്തിനിടെ പരിക്ക് പറ്റിയ വീണാ ജോർജിനെ ആശുപത്രിയിലേക്ക് മാറ്റിയ ഉടനെ കേസെടുക്കണമെന്ന് നേതൃത്വം നിർദേശിക്കുകയായിരുന്നു. തുടർന്ന് ഗൺമാൻ ആദ്യം നൽകിയ മൊഴിയിൽ ആയുധത്തെപ്പറ്റി പറഞ്ഞിട്ടില്ല. മൊഴി നൽകി മണിക്കൂറുകൾക്കകം പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി വിളിക്കുകയും മൊഴി മാറ്റാൻ നിർദേശിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശിയുടെ നിർദേശാനുസരണം ‘ആയുധം പോലെ എന്തോ ഒന്ന് ഉപയോഗിച്ചു’ എന്ന് പിന്നീട് എഴുതിച്ചേർത്തു. ഇത് വലിയതോതിൽ ചർച്ചയായി. മാത്രമല്ല ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ വീണാ ജോർജിന്റെ ആക്ഷേപം ശരിയല്ലെന്ന് തെളിയുകയും ചെയ്തു. ഇതിന് പിന്നാലെ വീണാ ജോർജ് നേരിട്ടത് സമാനതകളില്ലാത്ത അധിക്ഷേപവും പരിഹാസവും ആണ്. വോട്ടെടുപ്പിന് തൊട്ടുപിന്നാലെ വീണാ ജോർജ് മൊഴി നൽകി എന്ന വാർത്ത വന്നതിലും രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. വീണാ ജോർജ് ഇതുവരെ മൊഴി നൽകിയിട്ടില്ല.
വീണാ ജോർജിനെ മന്ത്രിയാക്കിയതിൽ പാർട്ടിയിലെ ചില നേതാക്കൾക്ക് അമർഷം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കണം എന്ന് വീണാ ജോർജ് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന നേതൃത്വത്തെയും ഇക്കാര്യം അറിയിച്ച് ഉറപ്പുവാങ്ങിയിരുന്നു. എന്നാൽ ഇത് കേൾക്കാതെ സ്ഥാനാർഥി ചർച്ചകൾക്ക് മുമ്പ് തന്നെ പാർട്ടി ജില്ലാ സെക്രട്ടറി വീണാ ജോർജിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. ഇത് തീർത്തും അസാധാരണമായിരുന്നു.
പാർട്ടി സംസ്ഥാന നേതൃത്വം പാർട്ടി ജില്ലാ സെക്രട്ടറിയെ ഇതിൽ അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ വീണയെ തിരഞ്ഞെടുപ്പിലേക്ക് എത്തിക്കുക എന്ന ചിലരുടെ ഗൂഢലക്ഷ്യം ഇതിന് പിന്നിൽ സംശയിക്കപ്പെട്ടതുപോലെ യാഥാർത്ഥ്യമാണെന്ന് തെളിയുകയായിരുന്നു. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് പോലും ചർച്ച ചെയ്യാതെ ഓമല്ലൂർ ശങ്കരൻ സ്വയം മാറി എം വി സഞ്ജുവിനെ തെരഞ്ഞെടുപ്പ് സെക്രട്ടറിയായി പ്രഖ്യാപിച്ചതും ഇത്തരത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് ചില സി പി ഐ എം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഓമല്ലൂർ ശങ്കരനെ ഒഴിവാക്കി എന്ന വാർത്ത സൃഷ്ടിച്ച്, തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനും സ്ഥാനാർത്ഥിക്കും എതിരെ വിവാദമുണ്ടാക്കി ജനവികാരം എതിരാക്കാനുള്ള നീക്കം ആയിരുന്ന് അത് എന്നും ചില സി പി ഐ എം നേതാക്കൾ പറയുന്നു.
